ചീട്ടുകളിക്കിടയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പ്രവിത്താനം ചന്തകവല കോടിയാനിച്ചിറ ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായ മറ്റൊരു വ്യക്തിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പരിക്കേറ്റ പാലാ പരുമലക്കുന്ന് പുത്തൻ പുരയ്ക്കൽ അഭിലാഷ് ഷാജി (30), കണിയാൻ മുകളിൽ വീട്ടിലെ ഗൃഹനാഥ നിർമ്മല ( 55), ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (34) എന്നിവർക്കാണ് പരിക്കേറ്റത്. ബെന്നിക്കും കുത്തേറ്റിട്ടുണ്ട്. മദ്യപാനവും, ചീട്ടുകളിയും നടക്കുന്നതിനിടെയാണ് വാക്കുതർക്കവും, സംഘട്ടനവും കത്തിക്കുത്തുമുണ്ടായത് .
സംഭവത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷാണ് കുത്തിയത് എന്നാണ് വിവരം. പ്രതിയായ യുവാവിന്റെ അറസ്റ്റ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അഭിലാഷ് മറ്റു ചില കേസ്സുകളിൽ നേരത്തേ പ്രതിയായിരുന്നൂവെന്നും പൊലീസ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments