Latest News
Loading...

മീനച്ചിൽ സഹകരണ സംഘംപുനരുദ്ധരിക്കാൻ സർക്കാർകൺസോർഷ്യം രൂപീകരിക്കുന്നു


അഞ്ചു വർഷത്തോളമായി പ്രവർത്തനം നിലച്ച മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണ സംഘം പുനരുദ്ധരിക്കുന്നതിനായി മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കാൻ സർക്കാർ ഉത്തരവായി.
മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി, സഹകരണമന്ത്രി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സർക്കാർ നടപടി.


പ്രവർത്തനം നിലച്ചതോടെ സംഘത്തിൽ നിക്ഷേപം നടത്തിയ കർഷകരും സ്ഥാപനത്തിലെ തൊഴിലാളികളും ദുരിതത്തിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർഷകർ ഇക്കാര്യം ഉന്നയിച്ച് നിരവധി സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം കർഷകർ ഈ ആവശ്യമുന്നയിച്ച് മാണി സി കാപ്പന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് മാണി സി കാപ്പൻ എം എൽ എയാണ് കൺസോർഷ്യം എന്ന ആശയം സർക്കാരിനു മുന്നിൽ വച്ചത്. ഈ ആശയം സർക്കാർ അംഗീകരിക്കുകയായിരുന്നു.


മീനച്ചിൽ മാർക്കറ്റിംഗ് സംഘം പുനരുദ്ധരിച്ച് സംഘത്തിനു കീഴിലെ രണ്ട് ഫാക്ടറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മൂന്ന് കോടി രൂപയാണ് ആവശ്യമായി വരിക. താലൂക്കിലെ സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കുന്നതോടെ ആവശ്യമായ തുക സമാഹരിക്കാമെന്നും ഈ തുക ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും ഘട്ടം ഘട്ടമായി സംഘത്തിന്റെ ബാധ്യതകൾ തീർക്കുന്നതിനും സാധിക്കുമെന്ന് ഇതു സംബന്ധിച്ചു തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു.
കൺസോർഷ്യം രൂപീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ സഹകരണ സംഘം രജിസ്ട്രാറെ സർക്കാർ ചുമതലപ്പെടുത്തി.