മുത്തോലി: കൃഷിരംഗത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതച്ചു. വൈക്കോപ്പാടം നിലത്ത് ആദ്യമായി നടത്തിയ ഡ്രോൺ വിത്തുവിത കർഷകർക്കും നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. പാലായിലും സമീപപ്രദേശങ്ങളിലും നിന്നായി നിരവധി പേരാണ് നൂതന കൃഷിരീതി നേരിൽ കാണാൻ എത്തിയത്. കൊച്ചുകുട്ടികളുൾപ്പെടെ ആബാലവൃന്ദം ആളുകളുടെ സാന്നിധ്യത്തിൽ പരിപാടി ആഘോഷാന്തരീക്ഷത്തിലായി.
ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ ഡ്രോൺ വിത്തുവിതയുടെ ഉദ്ഘാടനം നിർവഹിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി മാത്യു ചേന്നാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിബിൻ മാനുവൽ, റോഷിൻ തോമസ് തോപ്പിൽ, പുഷ്പ ചന്ദ്രൻ, എൻ.കെ. ശശികുമാർ, ജോസ് സിറിയക് ഐക്കര തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
മുത്തോലി കൃഷി ഓഫീസർ ഐറിൻ എലിസബത്ത്, കൊഴുവനാൽ കൃഷി ഓഫീസർ, കോട്ടയം ആത്മയിലെ ഉദ്യോഗസ്ഥർ, വള്ളിച്ചിറ, വലവൂർ, വെട്ടിമുകൾ, പടിഞ്ഞാറ്റിൻകര, കിടങ്ങൂർ, കൊഴുവനാൽ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖര സമിതി ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.
തൊഴിലാളിക്ഷാമവും വർധിച്ച കൂലിച്ചെലവും മൂലം പ്രദേശത്തെ പല പാടങ്ങളും തരിശുകിടക്കുന്ന സാഹചര്യത്തിൽ വൈക്കോപ്പാടത്ത് രണ്ടാം കൃഷി ഇറക്കിയെന്നതും ശ്രദ്ധേയമാണ്. മുത്തോലി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അംഗം റോഷിൻ തോമസ് സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സമീപ പാടങ്ങളിലുമായി പത്തേക്കറോളം സ്ഥലത്താണ് കൃഷി നടത്തുന്നത്.
.പാടശേഖര സെക്രട്ടറി ഷൈബു തോമസ് തോപ്പിൽ വിവിധയിനം നെൽവിത്തുകൾ കൃഷി ചെയ്ത് സംരക്ഷിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. സമിതി പ്രസിഡന്റ് ജോർജ് കുര്യൻ പൂർണമായും ജൈവരീതിയിലുള്ള പാലേക്കർ മാതൃകാ കൃഷിയുമായി സംരംഭത്തിന് പിന്തുണ നൽകുന്നു.
ഉയർന്ന ഉൽപ്പാദനശേഷിയുള്ള ഡി1 ഇനം നെൽവിത്താണ് ഡ്രോൺ ഉപയോഗിച്ച് വിതച്ചത്. പരമ്പരാഗത നാടൻ നെൽവിത്തിനങ്ങളായ രക്തശാലി, ഞവര എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളും ഇവിടെ പരീക്ഷിക്കുന്നുണ്ട്. ബസുമതി നെൽവിത്തും വിതച്ചിട്ടുണ്ട്. വ്യത്യസ്ത നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ കൃഷിസാധ്യതകൾ പരീക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭം.
കാർഷിക വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി.) സംബന്ധിച്ച വിവരങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ഉൾപ്പെടെ മൂന്ന് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
.അടുത്തിടെ അന്തരിച്ച കേരളത്തിന്റെ നെല്ലച്ചൻ എന്നറിയപ്പെട്ടിരുന്ന ചെറുവയൽ രാമനെ ചടങ്ങിൽ അനുസ്മരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും ജൈവകൃഷിക്കും പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ ഓർമകൾക്കിടയിൽ, ആധുനിക സാങ്കേതികവിദ്യയും പാരമ്പര്യ കൃഷിരീതികളും സമന്വയിപ്പിച്ചുള്ള മുത്തോലിയിലെ ഈ കൃഷിയിറക്കൽ ശ്രദ്ധേയമായി. തൊഴിലാളിക്ഷാമവും കൃഷിച്ചെലവിലെ വർധനവും നെൽകൃഷിക്ക് വെല്ലുവിളിയാകുന്ന കാലത്ത് ഡ്രോൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്. കർഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന വിത്തുവിത മുത്തോലിയുടെ കാർഷികമേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നതായി.





0 Comments