പാലാ: പഠനത്തിരക്കിനിടയിലും പൊതുപ്രവർത്തനത്തിന് സമയം കണ്ടെത്തി ശ്രദ്ധേയയാകുകയാണ് അഞ്ചന തെരേസ് മാത്യു. 21-ാം വയസിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ കിഴപറയാർ രണ്ടാം വാർഡിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയായി മത്സരിച്ച് വിജയിച്ച അഞ്ചന, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിലൊരാളായാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധ നേടിയത്. പഞ്ചായത്ത് അംഗമെന്ന ഉത്തരവാദിത്വത്തോടൊപ്പം പഠനവും രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുകയാണ് അഞ്ചന.
.പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസിൽ സെപ്റ്റംബർ 29ന് നടന്ന കോളജ് തിരഞ്ഞെടുപ്പിൽ ഒന്നാം വർഷ എം.എ. മലയാളം ക്ലാസിൽ നിന്ന് കെ.എസ്.സി.-എം സ്ഥാനാർഥിയായി മത്സരിച്ച അഞ്ചന എതിരില്ലാതെയാണ് ക്ലാസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസ്റ്റിംഗ്ഷനോടെ ഹിന്ദിവിദ്വാൻ പരീക്ഷ പാസായ അഞ്ചന, മലയാളത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ബിരുദാനന്തര പഠനത്തിലേക്ക് കടന്നത്. കെ.എസ്.സി.-എം മീനച്ചിൽ മണ്ഡലം സെക്രട്ടറിയായും മിഷൻ ലീഗ് ഭരണങ്ങാനം മേഖല വൈസ് പ്രസിഡന്റായും എസ്.എം.വൈ.എം കിഴപറയാർ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന അഞ്ചന സൺഡേ സ്കൂൾ അധ്യാപിക കൂടിയാണ്.
.പഞ്ചായത്ത് അംഗമെന്ന നിലയിലും വിദ്യാർഥി നേതാവെന്ന നിലയിലും സമൂഹത്തിന് ഉപകാരപ്പെടുന്ന കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് അഞ്ചനയുടെ ആഗ്രഹം. സത്യസന്ധതയോടെയും വിശ്വാസ്യതയോടെയും ആത്മാർഥമായി ചെയ്യുന്ന ഓരോ പ്രവർത്തനവും വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്നും ജനങ്ങൾ അതിനെ തിരിച്ചറിയുമെന്നുമാണ് അഞ്ചന പറയുന്നത്.
.ബേബി ജി. വെട്ടത്തും ലൈസമ്മയുമാണ് മാതാപിതാക്കൾ. ആൻസ് മാത്യു, ആൽഫി മരിയ മാത്യു എന്നിവർ സഹോദരങ്ങളാണ്. മുൻ പഞ്ചായത്ത് അംഗം സണ്ണി വെട്ടത്തിന്റെ സഹോദരപുത്രിയാണ് അഞ്ചന.
വാർത്ത റോബിൻ ഇരുമാപ്ര





0 Comments