Latest News
Loading...

മീനച്ചിലാറിന് സംരക്ഷണഭിത്തി: മന്ത്രിക്ക് നിവേദനം




ഭരണങ്ങാനം: മീനച്ചിലാറിന്റെ തീരത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് ഭരണങ്ങാനത്തിന്റെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
ഭരണങ്ങാനം പഞ്ചായത്തും മീനച്ചിൽ പഞ്ചായത്തും സംഗമിക്കുന്ന തറപ്പേൽ കടവ് പാലം മുതൽ മീനച്ചിലാറിന്റെ ഇടതുകരയിലൂടെ അസ്സീസിക്കടവ് വരെ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് പ്രധാന ആവശ്യം. 

 

.മേരിഗിരി ആശുപത്രി ഉൾപ്പെടുന്ന അറവക്കുളം വാർഡിലെ ജനങ്ങൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കാണുന്നതിനൊപ്പം പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി വഴിയൊരുക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടെ അതിനോടനുബന്ധിച്ച് സമാന്തര റോഡ് യാഥാർഥ്യമാക്കാനും സാധിക്കും.


.അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേക്ക് ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പുതിയ റോഡ് ഏറെ പ്രയോജനപ്പെടും. വാഗമൺ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന അനുബന്ധ പാതയായും ഈ പ്രദേശത്തെ വികസിപ്പിക്കാനാകും.
സംരക്ഷണഭിത്തി ഒരു പ്രളയപ്രതിരോധ പദ്ധതിയിൽ ഒതുങ്ങാതെ ഭരണങ്ങാനത്തിന്റെ വിനോദസഞ്ചാര വികസനത്തിന്റെ നട്ടെല്ലാക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. മീനച്ചിലാറിന്റെ തീരത്ത് പെഡൽ ബോട്ട്, കുട്ടവഞ്ചി, കളിവള്ളങ്ങൾ തുടങ്ങിയ ജലവിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആറ്റുതീരം അമ്യൂസ്മെന്റ് പാർക്ക്, കുട്ടികളുടെ പാർക്ക്, വാട്ടർ ഫൗണ്ടൻ, ലൈറ്റ് ഫൗണ്ടൻ, ഓപ്പൺ ജിം, യോഗാ സെന്റർ, സൈക്കിൾ സവാരി, കുതിരസവാരി, കാളവണ്ടി സവാരി തുടങ്ങിയ സൗകര്യങ്ങളോടെ വികസിപ്പിക്കാനുള്ള സാധ്യതകളും നിവേദനത്തിൽ വിശദീകരിച്ചു.



.കഫേകൾ, ഹോംസ്റ്റേകൾ, മൂല്യവർധിത നാടൻ ഉൽപന്നങ്ങളുടെ വിപണനം എന്നിവ ആരംഭിക്കുന്നതിലൂടെ പ്രാദേശിക ജനങ്ങൾക്ക് നിരവധി തൊഴിൽ-വരുമാന സാധ്യതകൾ സൃഷ്ടിക്കാനും പദ്ധതി സഹായകമാകും. സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.





മീനച്ചിലാറിന്റെ തീരസംരക്ഷണവും വെള്ളപ്പൊക്ക പ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള സംരക്ഷണഭിത്തി നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കക്കുന്നേൽ, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, നിതിൻ സി. വടക്കൻ, ജിൻസൺ കൊങ്ങമല, റെജി വടക്കേമേച്ചേരി, ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജെബി എന്നിവർ മന്ത്രിക്ക് നിവേദനം നൽകി.

Post a Comment

0 Comments