Latest News
Loading...

പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം കർഷകസംഘം കൺവൻഷൻ



പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്.



.കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കർഷകരുടെ ഉപജീവനമാർഗങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനവാസകേന്ദ്രങ്ങളും സംരക്ഷിക്കുന്ന തരത്തിൽ കരട് വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.


.കരട് വിജ്ഞാപനപ്രകാരം പൂഞ്ഞാർ തെക്കേക്കരയിൽ 271.25 ഹെക്ടർ, തീക്കോയിയിൽ 417.08 ഹെക്ടർ, മേലുകാവിൽ 313.58 ഹെക്ടർ, കൂട്ടിക്കലിൽ 1,288.82 ഹെക്ടർ ഉൾപ്പെടെ 2,298.73 ഹെക്ടർ പ്രദേശമാണ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ബഫർസോൺ പരിധിയിൽ ഈ വില്ലേജുകളുടെയും സമീപ പ്രദേശങ്ങളുടെയും വലിയൊരു ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി.


.കൃഷി, മൃഗസംരക്ഷണം, തോട്ടങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ, നിലവിലുള്ള പാർപ്പിടങ്ങൾ എന്നിവയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കർഷകരുടെയും പ്രദേശവാസികളുടെയും ആശങ്കകളും അഭിപ്രായങ്ങളും പരിഗണിച്ച് കരട് വിജ്ഞാപനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ആവശ്യപ്പെട്ടു.

കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷാനവാസ്, ആർ. നരേന്ദ്രനാഥ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, സി.പി.ഐ.എം ഏരിയ സെക്രട്ടറിമാരായ ഷഹീം അഹ്മദ്, ടി. എസ്. സിജു, കേരള കർഷകസംഘം പൂഞ്ഞാർ ഏരിയ സെക്രട്ടറി സി. കെ. ഹരിഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി. സജിൻ, പൂഞ്ഞാർ ഏരിയ പ്രസിഡന്റ് ജെസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.




.പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കുക, കഡസ്ട്രൽ മാപ്പുകളിലെ അപാകതകൾ പരിഹരിക്കുക, ഏഴാമത് കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു.

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടത്വ സെന്റ് അലോഷ്യസ് കോളജ് റിട്ടയേർഡ് പ്രൊഫസർ ജോജി ജോസഫ് വയലിക്കുന്നേൽ തയ്യാറാക്കിയ നിവേദനം കൺവൻഷനിൽ എം. ടി. ജോസഫിന് കൈമാറി.




Post a Comment

0 Comments