Latest News
Loading...

ജനപങ്കാളിത്തത്തോടെ ‘തൂഫാൻ ഗോൾ’ ഗോളടി മത്സരവും അരങ്ങേറി



 ലഹരിയുടെ ദൂഷിത വലയത്തിൽ നിന്നും യുവതലമുറയെ കളിക്കളങ്ങളിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറും, ഈരാറ്റുപേട്ട ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ലഹരിവിരുദ്ധ ക്യാമ്പയിൻ വൻ ജനപങ്കാളിത്തത്തോടെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നടന്നു.

ലഹരി വിരുദ്ധ സന്ദേശ റാലിയുടെഫ്ലാഗ് ഓഫ് കർമ്മം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ (SHO) ശ്രീ. ശ്രീജിത്ത് ബി. എസ് നിർവ്വഹിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്നു നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) എം. വി. രാജേഷ് സ്വാഗതം ആശംസിച്ചു.ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനർവ മോഹൻ നിർവഹിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ വൈകാതെ തന്നെ സമ്പൂർണ്ണ ലഹരിമുക്ത പഞ്ചായത്താക്കി മാറ്റുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ലഹരി മാഫിയകൾക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു.





ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബഹു. പാലാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) ശ്രീ. കെ. സദൻ ലഹരിവിരുദ്ധ ജാഗ്രതാ സന്ദേശം നൽകി. ഈ മഹത്തായ ജനകീയ പരിപാടിയ്ക്ക് നേതൃത്വം നൽകിയ ഈരാറ്റുപേട്ട ജനമൈത്രി പോലീസ് പ്രതിനിധികളെയും, പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. എം. വി. രാജേഷിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രോഗ്രാമിന്റെ വൻ വിജയത്തിനായി പിന്നണിയിൽ അഹോരാത്രം പ്രവർത്തിച്ച കോർഡിനേറ്റർമാരായ ശ്രീ. അഖിൽ കെ. എസ്, ശ്രീ. മാർട്ടിൻ ജെയൊസ്, ശ്രീമതി ജെഫ്സിൻ ജോസഫ്, ശ്രീ. ബിജോ മാത്യു, ശ്രീമതി. കൃപാ മാത്യു, ഈരാറ്റുപേട്ട സി.ആർ.ഒ ശ്രീ. ബിനോയ് തോമസ് എന്നിവരെയും ഡി.വൈ.എസ്.പി വേദിയിൽ വെച്ച് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

ചടങ്ങിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ മഞ്ഞപ്ളാക്കൽ, വിദ്യാർത്ഥി പ്രതിനിധി ശ്രീ. വിദ്യാർത്ഥി പ്രതിനിധി കെ വി വചസ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. . ചടങ്ങിൽ ഈരാറ്റുപേട്ട സി.ആർ.ഒ ശ്രീ. ബിനോയ് തോമസ് നന്ദി രേഖപ്പെടുത്തി.


.ആവേശം വിതറി ‘തൂഫാൻ ഗോൾ

ഉദ്ഘാടന പരിപാടിയ്ക്ക് ശേഷം സംഘടിപ്പിച്ച 'തൂഫാൻ ഗോൾ' എന്ന ആവേശോജ്ജ്വലമായ ഗോളടി മത്സരം പൂഞ്ഞാർ ബസ് സ്റ്റാൻഡിനെ പൂരപ്പറമ്പാക്കി മാറ്റി. ലഹരി ഉപേക്ഷിച്ച് കളിമുറ്റങ്ങളിലേക്ക് മടങ്ങുക എന്ന സന്ദേശത്തിന് കരുത്തുപകരാൻ സംഘടിപ്പിച്ച ‘തൂഫാൻ ഗോൾ’ ഗോളടി മത്സരം ജനങ്ങളിൽ വലിയ ആവേശമാണ് ഉണർത്തിയത്. ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയ നാട്ടുകാർ, വീട്ടമ്മമാർ ഉൾപ്പെടെയുള്ള മുതിർന്ന സ്ത്രീകൾ, കോളേജ് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, ബസ്സ്/ടക്സി ജീവനക്കാർ, അധ്യാപകർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം പ്രായഭേദമന്യേ പെനാൽറ്റി ബോക്സിന് മുന്നിൽ അണിനിരന്ന് ഗോളടിച്ച് മത്സരത്തിൽ പങ്കാളികളായി. അടിച്ച ഓരോ ഗോളിനും കാണികൾ ആർത്തുവിളിച്ചതോടെ പൂഞ്ഞാർ ടൗൺ കായികാവേശത്തിന്റെ പുതിയൊരു ലഹരിയിലായി.

നാടിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ലഹരിക്കെതിരെയുള്ള ഈ പടയോട്ടത്തിൽ കണ്ണിചേരാൻ പൂഞ്ഞാർ ബസ് സ്റ്റാൻഡിലേക്ക് ഒഴുകിയെത്തിയത്. പരിപാടിയിൽ പങ്കെടുത്തവർ ലഹരിമുക്ത സമൂഹത്തിനായി ഒന്നടങ്കം പ്രതിജ്ഞയും എടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments