Latest News
Loading...

ബിരുദധാരികളെ ആദരിച്ചു




പാലാ: മധ്യകേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET) ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ‘മെറിറ്റ് ഡേ 2026’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോളേജ് സ്വയംഭരണ പദവി (Autonomous) കൈവരിച്ച ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും, വിവിധ കോഴ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബിരുദധാരികളെയും ചടങ്ങിൽ ആദരിച്ചു.



കോളേജിലെ ഐൻസ്റ്റീൻ ഹാളിൽ നടന്ന ചടങ്ങിൽ ഒഎൻഡിസി (ONDC) സ്ഥാപക മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മിസ്റ്റർ തമ്പി കോശി മുഖ്യാതിഥിയായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാങ്കേതിക ലോകത്ത് ഇന്ത്യൻ യുവത്വത്തിന് വലിയ അവസരങ്ങളാണ് തുറക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും അഭിനന്ദിച്ച അദ്ദേഹം, അറിവിനെ സമൂഹത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ മുന്നോട്ടുവരണമെന്നും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

കോളേജ് ചെയർമാൻ മോൺ. ജോസഫ് തടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങുന്ന എൻജിനീയറിങ് വിദഗ്ധർ മൂല്യാധിഷ്ഠിത പ്രൊഫഷണലിസം കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം തൻ്റെ അധ്യക്ഷപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ്‌ ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരംവേലിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.





വിജയങ്ങളുടെയും അക്കാദമിക നേട്ടങ്ങളുടെയും തിളക്കമാർന്ന ഈ ആഘോഷത്തിൽ കോളേജ് പരീക്ഷാ കൺട്രോളർ, വിവിധ ഡീൻമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments