കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെതിരെ പാലാ ഡിവൈഎസ്പിക്ക് രേഖാമൂലം പരാതി നൽകി പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭാ ഓഫീസിലെ ഔദ്യോഗിക മുറിയിൽ നിന്നും തൻ്റെ വാച്ചും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലും നഷ്ടപ്പെട്ടു എന്നാണ് പരാതിയിലെ പ്രധാനപ്പെട്ട വിഷയം.
ജൂൺ എട്ടിന് വൈകുന്നേരം അഞ്ചേകാൽ മണിയോടെ കൗൺസിലർ ബിജു മാത്യുവും പോലീസുകാരാണെന്ന് അവകാശപ്പെട്ട മറ്റ് മൂന്ന് ആളുകളും ചേർന്ന് അനുമതിയില്ലാതെ മുറി തുറപ്പിച്ചു. ചെയർപേഴ്സണെയോ നഗരസഭാ സെക്രട്ടറിയെയോ മുൻകൂട്ടി അറിയിക്കാതെ, ഓഫീസിലെ പ്യൂണിനെക്കൊണ്ട് ആണ് ഇവർ ചേംബർ ബലമായി തുറപ്പിച്ചത്.
വിവരം അറിഞ്ഞ് ചെയർപേഴ്സൺ തിരികെ ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള വാച്ചും രേഖകൾ അടങ്ങിയ ഫയലും ദുരൂഹമായി നഷ്ടപ്പെട്ടതായി മനസ്സിലായത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഈ നടപടി പദവിയുടെ കടുത്ത ദുരുപയോഗവും നിയമവിരുദ്ധമായ അതിക്രമിച്ചു കടക്കലുമാണ് എന്ന് അവർ ആരോപിക്കുന്നു.ഗൗരവമുള്ള ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉടൻ നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി വേഗം സ്വീകരിക്കണമെന്ന് പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
നഗരസഭാ ഭരണസമിതിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കൊട്ടാരമറ്റത്ത് ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചത്. സ്റ്റാൻഡ് അനുവദിക്കില്ലെന്ന് സ്വതന്ത്ര കൂട്ടായ്മ നിലപാടെടുത്തതോടെ പാർലമെൻററി യോഗത്തിൽ കോൺഗ്രസ് കൗൺസിലർ ബിജുവിനെ ബിനു പുളിക്കക്കണ്ടം മർദ്ദിച്ചതായി ആക്ഷേപമുയർന്നിരുന്നു. ഇതിനെതിരെ ബിജു പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഓട്ടോ സ്റ്റാൻഡ് തുടരാൻ തീരുമാനിച്ചത് ബിനുവിനെ തിരിച്ചടിയായി. ഇനിയുള്ള യുഡിഎഫ് യോഗങ്ങളിൽ സ്വതന്ത്ര കൂട്ടായ്മയെ പങ്കെടുപ്പിക്കേണ്ടത് ഇല്ലെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസത്തെ പരാതിയിൽ അന്വേഷണത്തിന് പോലീസ് എത്തിയതിനെ തുടർന്ന് സാധനങ്ങൾ മോഷണം പോയതായാണ് പുതിയ പരാതി. ഇതിൽ കോൺഗ്രസ് കൗൺസിലർ ബിജുവിനെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ പാലായിലെ യുഡിഎഫിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും സ്വതന്ത്ര അംഗങ്ങളായ മൂന്നുപേരും പുറത്തുപോവുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments