പാലാ രൂപതയുടെ കർഷകശക്‌തീകരണ പദ്ധതിയുടെ ഭാഗമായി വിവിധ ഇടവക പള്ളികളോട് ചേർന്ന് ആരംഭിച്ചിട്ടുള്ള കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിലും മുട്ടുചിറയിലുമുള്ള സ്ഥിരം അഗ്രിമ മാർക്കറ്റുകളിലും കേരള ഗ്രോ, പാലാ സാൻതോം ഔട്ലെറ്റിലും സൺഡേ മാർക്കറ്റുകൾ, അഗ്രി ഫെസ്റ്റുകൾ എന്നിവയിലൂടെ രൂപതയിലുടനീളവുമുള്ള വിപണന ശൃംഖല രൂപപ്പെടുത്തുമെന്നും അച്ചൻ തുടർന്നു പറഞ്ഞു.
കോളജുവിദ്യാർത്ഥികളെയും യുവജനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഓൺലൈൻ, ഡിജിറ്റൽ മാർക്കറ്റിങ്ങ് സംവിധാനം രൂപപ്പെടുത്താനാകുമെന്നും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ ആഗോളവിപണിയുടെ ഭാഗമാകാൻ ഗ്രാമീണസംരംഭകർക്ക് വേദിയൊരുക്കുമെന്നും ഡയറക്ടറച്ചൻ തുടർന്നു പറഞ്ഞു. വയലാ , ഫാത്തിമാപുരം, മാൻവെട്ടം, കാഞ്ഞിരമറ്റം, മൂഴൂർ എന്നിവിടങ്ങളിലെ ഫാക്ടറികളും ഔട്ലെറ്റുകളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഫാ. വാട്ടപ്പിള്ളിൽ. അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ.ഫ്രാൻസിസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്ക പറമ്പിൽ ,പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി വി ജോർജ് പുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വയലാ കർഷകദള ഫെഡറേഷൻ്റെ ആഭിമുഖ്യത്തിലുള്ള കാർഷിക മൂല്യവർദ്ധക ഉൽപ്പന്ന നിർമ്മാണ കേന്ദ്രം, ഫാത്തിമാപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കാപ്പുംതല,അരുണാശ്ശേരി എന്നിവിടങ്ങളിലെ വിപണന സ്റ്റാളുകളും, മാൻവട്ടം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫാക്ടറിയും ഔട്ലെറ്റും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻവേ പ്രൊഡക്ഷൻ യൂണിറ്റും ഔട്ലെറ്റായ ഇക്കോ ഷോപ്പും, മൂഴൂർ സ്വാശ്രയ സംഘത്തിൻ്റെ മിത്രം പ്രൊഡക്ഷൻ യൂണിറ്റും ഔട്ലെറ്റും മൂഴൂർ കർഷകദള ഫെഡറേഷൻ്റെ കാർഷികവിള സംസ്കരണ വിപണനകേന്ദ്രവും ഔട്ലെറ്റും വനിതകളുടെ ചപ്പാത്തി നിർമ്മാണ യൂണിറ്റും സംഘം സന്ദർശിക്കുകയുണ്ടായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments