പുതിയ ഭരണസമിതി അധികാരമേറ്റു ആറുമാസത്തിനുശേഷം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി കൂടുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാലായിൽ എച്ച്എംസി കൂടാനായില്ല. ശനിയാഴ്ച വൈകിട്ട് 4:00 മണിക്ക് അടിയന്തര കമ്മിറ്റി കൂടിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടന്നില്ല. ചട്ടപ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ കമ്മിറ്റി കൂടാൻ ആകു .
എച്ച്എംസി കൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭയ്ക്ക് മുമ്പിൽ ധർണ്ണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് മീറ്റിംഗ് കൂടുന്നതായി രാവിലെ അറിയിപ്പ് വന്നത്. ഇന്നത്തെ തീയതിയിൽ ചെയർപേഴ്സൺ ആശുപത്രി സൂപ്രണ്ടിന് നൽകിയ കത്തിൽ വൈകിട്ട് നാലുമണിക്ക് യോഗം ചേരണമെന്നും അസൗകര്യം ഉണ്ടെങ്കിൽ അറിയിക്കണമെന്നും ആണ് രേഖപ്പെടുത്തിയിരുന്നത്.
മുൻകൂട്ടി അനുമതി വാങ്ങി അജണ്ട നിശ്ചയിച്ച് ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ യോഗം ചേരാനാകു. പ്രതിഷേധ ധർണ പ്രഹസനം ആണെന്നു വരുത്തി തീർക്കാൻ വേണ്ടിമാത്രം തയ്യാറാക്കിയ കത്ത് ആണിത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
എച്ച്എംസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കി നൽകിയെങ്കിലും ഇത് അംഗീകരിച്ച്, മെമ്പർ സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടില്ല. കമ്മിറ്റി അംഗങ്ങളുടെ പട്ടികക്കെതിരെ പ്രതിപക്ഷം പ്രതിഷേധവും അറിയിച്ചിരുന്നു. എച്ച്എംസി രൂപീകരിച്ചതായി തീരുമാനം അറിയിക്കാതെ എങ്ങനെയാണ് യോഗം ചേരുന്നത് എന്ന ചോദ്യവും ബാക്കിനിൽക്കുന്നു.
കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കിയ നടപടിയും വിവാദത്തിലാണ്. സർക്കാർ ഉത്തരവ് പ്രകാരം, ബൈജുവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടിവരും. അതേസമയം കഴിഞ്ഞദിവസം ചെയർപേഴ്സണും ഭരണപക്ഷത്തിനും എതിരെ സമരം ചെയ്ത വ്യക്തിയെ വെൽനസ് സെൻ്റർ വികസന സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തെ കൂടി ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ടതിന് പകരം ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുകയാണ്. ഭരണപക്ഷത്തു തന്നെ ഇത്തരം നീക്കങ്ങൾക്കെതിരെ വികാരങ്ങൾ ഉയർന്നുവരുന്നതായും സൂചനകൾ ഉണ്ട്. ഓട്ടോ സ്റ്റാൻഡ് വിഷയം പരിഹരിച്ചതിന് പിന്നാലെ പുതിയ വിവാദമായി മാറുകയാണ് ആശുപത്രി വികസന സമിതി യോഗം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments