സംസ്ഥാന ജനറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും അനുവദിച്ചത് 100 രൂപ. ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം. എന്നാല്‍ ഇതിന്റെ സാങ്കേതിക അര്‍ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം. പാലാ ചെത്തിമറ്റത്ത് റോഡ് ഉയര്‍ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല്‍ കല്ലിനുമൊക്കെ ഇത്തരത്തില്‍ 100 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഒരു പുതിയ പദ്ധതിക്കോ സേവനത്തിനോ വേണ്ടി ബജറ്റില്‍ വകയിരുത്തുന്ന ഏറ്റവും കുറഞ്ഞ തുകയെ (സാധാരണയായി 100 രൂപ അല്ലെങ്കില്‍ 1000 രൂപ പോലുള്ള ഒരു ചെറിയ തുക) ആണ് ടോക്കണ്‍ പ്രൊവിഷന്‍ അല്ലെങ്കില്‍ ടോക്കണ്‍ ഗ്രാന്റ് എന്ന് പറയുന്നത്. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ തുകയും തുടക്കത്തില്‍ തന്നെ മാറ്റിവെക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഈ രീതി സ്വീകരിക്കുന്നത്. സാങ്കേതികമായി ഒരു പുതിയ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്താനും അതിന്മേല്‍ നിയമനിര്‍മ്മാണ സഭയുടെ അനുമതി വാങ്ങിവെക്കാനും വേണ്ടിയാണ് ഇത് പ്രധാനമായും ചെയ്യുന്നത്. പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഫണ്ടിന്റെ കൃത്യമായ കണക്ക് തീരുമാനിച്ചിട്ടുണ്ടാകില്ല, അല്ലെങ്കില്‍ കയ്യില്‍ പണം കാണില്ല. എന്നാല്‍ ബജറ്റില്‍ ടോക്കണ്‍ തുക മാറ്റിവെക്കുന്നതിലൂടെ, വര്‍ഷത്തിനിടയില്‍ മറ്റ് വകുപ്പുകളിലെ ബജറ്റ് ലാഭത്തില്‍ നിന്നോ അല്ലെങ്കില്‍ അനുബന്ധ ബജറ്റ് വഴിയോ ഈ പദ്ധതിയിലേക്ക് ആവശ്യമായ ഫണ്ട് പിന്നീട് കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും.
മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍, പുതിയ കെട്ടിട നിര്‍മ്മാണങ്ങള്‍, അല്ലെങ്കില്‍ പെട്ടെന്ന് പ്രഖ്യാപിക്കുന്ന പുതിയ ക്ഷേമപദ്ധതികള്‍ എന്നിവ ഔദ്യോഗികമായി ആരംഭിക്കാന്‍ ഈ ടോക്കണ്‍ പ്രൊവിഷന്‍ ഉപയോഗിക്കുന്നു. ചുരുക്കത്തില്‍, 'പദ്ധതി ഞങ്ങള്‍ അംഗീകരിക്കുന്നു, തല്‍ക്കാലം ഇതൊരു തുടക്കമാണ്, ആവശ്യമായ പണം പിന്നീട് നല്‍കാം' എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക ഉറപ്പാണ് ബജറ്റിലെ ടോക്കണ്‍ പ്രൊവിഷന്‍.
ബജറ്റില്‍ ഈ ടോക്കണ്‍ തുക ഉള്‍പ്പെടുത്തുന്നതിലൂടെ ആ പുതിയ പദ്ധതിയെക്കുറിച്ച് നിയമനിര്‍മാണ സഭയില്‍ ചര്‍ച്ച ചെയ്യാനും അനുമതി വാങ്ങാനും സര്‍ക്കാരിന് സാധിക്കുന്നു. സാധാരണയായി ബജറ്റ് തയ്യാറാക്കുന്ന സമയത്ത് ഒരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും, എന്നാല്‍ അതിന് കൃത്യമായി എത്ര തുക വേണമെന്ന് നിശ്ചയിക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ഈ രീതി ഉപയോഗിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments