Latest News
Loading...

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: നാളെ വോട്ടെടുപ്പ്, 12 മണിക്കൂര്‍ ചര്‍ച്ച




വനിതാ സംവരണ ബില്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങി. ലോക്‌സഭയില്‍ ഇന്നും നാളെയുമായാണ് ചര്‍ച്ച. പ്രതിപക്ഷ എതിര്‍പ്പിനിടെയാണ് ബില്‍ സഭയുടെ മേശപ്പുറത്തുവച്ചത്. വനിതാ സംവരണ ഭേദഗതി ബില്‍ ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂര്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആവശ്യമെങ്കില്‍ ചര്‍ച്ച 18 മണിക്കൂറായി നീട്ടാമെന്നു ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. ബില്ലിനെ പരാജയപ്പെടുത്തുമെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം, ബില്‍ പാസാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിപ്പിട്ടു. സ്ത്രീ ശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 


2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ 251 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചപ്പോള്‍ 185 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. അതേസമയം, ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളെ എതിര്‍ക്കുന്നുവെന്ന് കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് ഈ ബില്ലുകള്‍. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാം. 2023ല്‍, ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം നടത്തുന്നതു ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ പറഞ്ഞു. 



മണ്ഡല പുനര്‍നിര്‍ണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിര്‍ക്കുന്നതെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്‍ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ബില്‍ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തില്‍ സഭ പ്രക്ഷുബ്ധമാകും. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭ, നിയമസഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയില്‍ നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. 

 ജനസംഖ്യാനുപാതികമായി വര്‍ധനയ്ക്കു പുറമെ സീറ്റുകളില്‍ 50% വര്‍ധന കൂടി ഉറപ്പാക്കുന്ന ഫോര്‍മുല പ്രയോഗിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 2011ലെ സെന്‍സസ് മാത്രം അടിസ്ഥാനമാക്കിയാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെങ്കില്‍ കേരളത്തിന് 23 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ 50 ശതമാനം ഫോര്‍മുലയാണ് പ്രയോഗിക്കുന്നതെങ്കില്‍ കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം 20ല്‍നിന്ന് 30 ആകുമെന്നും കേന്ദ്രം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരുള്‍പ്പെടെ കേന്ദ്രത്തിനെതിരെ രംഗത്തെത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments