Latest News
Loading...

ചേര്‍പ്പുങ്കലില്‍ കാറുകള്‍ തമ്മിലിടിച്ച് അപകടം



പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇടിയേറ്റ് നിയന്ത്രണംവിട്ട് കാര്‍ കിണറിന്റെ വക്കിലെത്തിയാണ് നിന്നത്. ചേര്‍പ്പുങ്കല്‍പള്ളി ഭാഗത്ത് നിന്നും വന്ന കാര്‍ മെയിന്‍ റോഡിലൂടെ പോയ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശിനിയായ രജനികലയാണ് കാര്‍ ഓടിച്ചിരുന്നത്. ഏറ്റുമാനൂര്‍ വെമ്പള്ളി സ്വദേശി അജേഷിന്റെ കാറിലാണ് വാഹനം ഇടിച്ചത്. അപ്രതീക്ഷിത സംഭവത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഇടതുവശത്തുകൂടി സമീപത്തെ പുരയിടത്തിലേയ്ക്ക് പാഞ്ഞിറങ്ങുകയും ഇവിടെയുള്ള പൊട്ടക്കിണറിന്റെ വക്കില്‍ കുടുങ്ങി നില്‍ക്കുകയുമായിരുന്നു. 



അല്പം കൂടി നീങ്ങിയിരുന്നെങ്കില്‍ കാര്‍ കിണറ്റില്‍ പതിക്കുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. സ്ഥരം അപകടമേഖലയായ ചേര്‍പ്പുങ്കലില്‍ പ്രശ്‌നപരിഹാരത്തിന് നടപടി വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും തിരിച്ചും പോയിവരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ മൂലം ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. ആശുപത്രി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാലാ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാണാനാവുന്നില്ല എന്നതാണ് പ്രധാന പോരായ്മ. 



ഇവിടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഉയര്‍ന്ന മതിലും കാഴ്ച മറയ്ക്കുന്നുണ്ട്. നാല്‍ക്കവലയായ ഇവിടെ സിഗ്നല്‍ ലൈറ്റ്, റൗണ്ടാന, വണ്‍വേ തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും ഇതിലൊന്നുപോലും കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഇവിടെ ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി. അപകടത്തില്‍പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റി. യുവതി ഓടിച്ചിരുന്ന കാറിന്റെ മുന്‍വശം തകര്‍ന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments