Latest News
Loading...

സര്‍വ്വം സജ്ജം; ജില്ലയില്‍ നാളെ വോട്ടെടുപ്പ്



പോളിംഗ് സാമഗ്രികളുടെ വിതരണവും പോളിംഗ് ബൂത്തുകളിലെ  ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കോട്ടയം ജില്ല തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി സജ്ജമായി. നാളെ  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ആറുമണിവരെ വരി നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യുന്നതിന്  സൗകര്യമേര്‍പ്പെടുത്തും.

ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളില്‍ 16,41,249 പേരാണ് വിധിയെഴുതുക. വോട്ടര്‍മാരില്‍ 8,56,321 സ്ത്രീകളും  7,84,842പുരുഷന്‍മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട  13 പേരും  പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.



ആകെ  5281 പേരാണ് ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്‌ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. 11 ബ്ലോക്കു പഞ്ചായത്തുകളിലും ആറു നഗരസഭകളിലും സജ്ജമാക്കിയ 17 സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ നിന്നാണ് ജില്ലയിലെ 1925 ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തത്.



അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കൗണ്ടറുകള്‍ ക്രമീകരിച്ചായിരുന്നു വിതരണം. പ്രിസൈഡിംഗ് ഓഫീസര്‍മാരും ടീം അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങിയ സാമഗ്രികള്‍  ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് ഉറപ്പുവരുത്തി. തുടര്‍ന്ന് പ്രത്യേകമായി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരെ  പോളിംഗ് ബൂത്തുകളിലെത്തിച്ചു. ബസുകള്‍ ഉള്‍പ്പെടെ 724 വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു.

പെന്‍സില്‍, പേന, പേപ്പര്‍, നൂല്‍, മെഴുക്, പശ, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി പോളിംഗ് ബൂത്തുകളില്‍ ആവശ്യമുള്ള 28 സ്റ്റേഷനറി ഇനങ്ങള്‍ പ്രത്യേകം കവറിലാക്കിയാണ് നല്‍കിയത്.  വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്, വിവിധ സീലുകള്‍, ഫോറങ്ങള്‍, കവറുകള്‍, ടെണ്ടര്‍ വോട്ടിനുള്ള ബാലറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്തു.



വോട്ടെടുപ്പിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന  വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും. വിതരണ കേന്ദ്രങ്ങള്‍ തന്നെയാണ് സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതേ കേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കുക.  ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത്  ഹാളിലായിരിക്കും എണ്ണുക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments