അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിൻ്റെ ക്രാന്ത ദർശനത്തിൻ്റെ ഉദാഹരണമാണ്.അരുവിത്തുറ കോളേജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു.
അരുവിത്തുറ കോളേജിൽ സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000 ത്തോളം വിദ്യാർത്ഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളേജിന് ഒരു വലിയ ഓഡിറ്റോറിയം നിർമ്മിച്ചു. പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു. ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി.
ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻ്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെൻ്റ് ജോർജ് കോളേജ് കേബിൾ നെറ്റ് വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും അദ്ദേഹം രൂപം നൽകി. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആയിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളേജ്. അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ആയി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളേജിന്റെ സുവർണ്ണ കാലഘട്ടമായിരുന്നെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പറഞ്ഞു. ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനും കുഞ്ഞാടുകളുടെ മനമറിയുന്ന നല്ല ഇടയനുമായിരുന്നു അദ്ദേഹം.
ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം ,മരങ്ങാട്ടുപള്ളി, ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1946 ജൂൺ 2 ന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി 5 നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.അദ്ദേഹത്തിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച 2ന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിൻ്റെ സഹോദരൻ്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.
അദ്ദേഹത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments