Latest News
Loading...

തെക്കേക്കരയിൽ ഇത്തവണ ബിജെപി ഭരണം



 കാര്യമായ വേരോട്ടം ഇല്ലാതെ കിടന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഇത്തവണ താമരയ്ക്ക് മികച്ച വിളവ്. പിസി ജോർജ് മുന്നിൽ നിന്ന് നയിച്ചപ്പോൾ പഞ്ചായത്തിലെ 15 വാർഡുകളിൽ താമര വിരിഞ്ഞത് എട്ടിടത്ത്. ജില്ലയിൽ മുത്തോലിയും, പള്ളിക്കത്തോടും നഷ്ടമായപ്പോൾ ബിജെപിക്ക് ആശ്വാസമായത് കിടങ്ങൂരിലെയും പൂഞ്ഞാർ തെക്കേക്കരയിലെയും വിജയമായിരുന്നു. പഴയ ജനപക്ഷത്തിന്റെ കരുത്തിലാണ് ബിജെപി അപ്രതീക്ഷിത നേട്ടം കൈവരിച്ചത്. 



പതിമൂന്നാം വാർഡിൽ മത്സരിച്ച അനിൽകുമാർ മഞ്ഞപ്ലാക്കലാണ് പഞ്ചായത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയത്. 473 വോട്ട് നേടിയ അനിൽകുമാറിന് 331 ആണ് ഭൂരിപക്ഷം. ഇവിടെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ഷിബി 142 വോട്ടുകളും ആയി രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ കഴിഞ്ഞതവണ ബ്ലോക്ക് മെമ്പർ ആയിരുന്ന സിപിഐഎമ്മിലെ അക്ഷയ് ഹരി മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് സ്ഥാനാർത്ഥി 36 വോട്ടിൽ ഒതുങ്ങി. രണ്ടുതവണ പതിനാലാം വാർഡിലും രണ്ടുതവണ പതിമൂന്നാം വാർഡിലും മത്സരിച്ച അനിൽകുമാറിനാണ് കഴിഞ്ഞ മൂന്ന് ടേമിലും ഉയർന്ന ഭൂരിപക്ഷം ഉള്ളത്. 



തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം മുൻപ് ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ ഇറങ്ങിയ ഡെസി ബിജു പൂഞ്ഞാർ ടൗൺ വാർഡിൽ വിജയിച്ചു. മുൻപ് സിപിഎമ്മിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വരെ എത്തിയ മിനർവ മോഹൻ കല്ലേക്കുളം വാർഡിൽ നിന്നും 70 വോട്ടിന് വിജയിച്ചു. മൂന്നാം തവണ മത്സരിക്കാൻ ഇറങ്ങിയ സജി സിബി 220 വോട്ടുകൾക്കാണ് വിജയിച്ചത്. രണ്ടുതവണ ഇടമല വാർഡിലും ഒരുതവണ ബ്ലോക്ക് ഡിവിഷനിലേക്കും വിജയിച്ച ആനിയമ്മ സണ്ണി ഇത്തവണ വീണ്ടും ഇടമല വാർഡിൽ വിജയം കണ്ടു. പതിനാലാം വാർഡിൽ പ്രിയ രാജേഷ് 276 വോട്ടുകളുടെ വൻവിജയം നേടിയപ്പോൾ പുതിയതായി രൂപീകരിച്ച പാലത്തുങ്കൽ വാർഡിൽ 15 വോട്ടുകൾക്ക് ബിജെപിയിലെ മണിക്കുട്ടി വിജയിച്ചു. കടലാടിമറ്റം വാർഡിൽ 16 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് ആയപ്പോൾ, കുന്നോന്നി വാർഡിൽ 3 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിക്ക് വിജയം നഷ്ടമായത്.  


പൂഞ്ഞാർ പഞ്ചായത്തിലെ വിജയികളും നേടിയ ഭൂരിപക്ഷവും 


1 പൂഞ്ഞാർ ടൗൺ - ടെസി ബിജു - എൻഡിഎ സ്വതന്ത്ര (18), 

2 കല്ലേക്കുളം - മിനർവ മോഹൻ - എൻഡിഎ - (70)

3 പെരിങ്ങുളം - ബിൻസി മാർട്ടിൻ വെട്ടുകല്ലേൽ - - യുഡിഎഫ് - കോൺഗ്രസ് (147)
 
4 അടിവാരം - ജിസോയി തോമസ് - എൻഡിഎ, ബിജെപി (81)

5 കൈപ്പള്ളി - ജോളിച്ചൻ ജോസഫ് - യുഡിഎഫ് - കോൺഗ്രസ് ( 46)

6 ആറ്റിനാൽ - സജി സിബി - എൻഡിഎ, ബിജെപി (220)

7 ഇടമല - ആനിയമ്മ സണ്ണി - എൻഡിഎ, ബിജെപി. (85)

8 കുന്നോന്നി - പി.സി. സുജിത് - എൽഡിഎഫ് - സിപിഎം (03)

9 പാതാമ്പുഴ - മിനിമോൾ ബിജു - എൽഡിഎഫ് സിപിഐ (83)

10 ചോലത്തടം - റെജി ഷാജി - എൽഡിഎഫ് - കെസിഎം (207)

11 മുരിങ്ങപ്പുറം - എം.പി. പ്രമോദ് - എൽഡിഎഫ് - സിപിഎം (80)

12 കടലാടിമറ്റം - നിഷ സാനു - എൽഡിഎഫ് - സിപിഎം (16)

13 പയ്യാനിത്തോട്ടം - അനിൽകുമാർ മഞ്ഞപ്ലാക്കൽ - എൻഡിഎ, ബിജെപി (331)

14 കടൂപ്പാറ - പ്രീയാ രാജേഷ് - എൻഡിഎ, ബിജെപി (276)

15 പാലത്തുങ്കൽ - ഇ.എൻ. മണിക്കുട്ടി - എൻഡിഎ, ബിജെപി (15). 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments