Latest News
Loading...

ചാമ്പ്യന് വിട; ചാമ്പ്യൻഷിപ് ഓർമകളിൽ മരണമില്ലാതെ ജിജോ മാത്യു



 സംസ്ഥാന സ്കൂൾ കായികമേളകളിൽ ഫീൽഡ് ഇനങ്ങളിൽ കളിക്കളത്തിൽ ആവേശമുയർത്തിയ കായികതാരം ജിജോ മാത്യു (48)  ഇനി ഓർമകളിൽ. കഴിഞ്ഞദിവസം അമേരിക്കയിലെ ഡാലസിൽ നിര്യാതനായ ജിജോയുടെ മൃതദേഹം നാളെ  നാട്ടിലെത്തിക്കും. പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം നാളെ പത്തുമണിയോടെ തീക്കോയി വേലത്തുശേരിയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ നാലിന് മാവടി സെന്റ് സെബാസ്റ്റ്യൻ പളളി സെമിത്തേരിയിൽ സംസ്കാരം നടക്കും.


.വെളളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ജിജോ കായികപരിശീലനം തുടങ്ങിയത്. കായികവിദ്യാർഥികളുടെ കളരിയായിരുന്ന കോരുത്തോട് സി.കെ.എം.എച്ച്.എസിൽ കെ.പി തോമസ് മാഷിന്റെ ശിക്ഷണത്തിൽ മികച്ച പരിശീലനത്തിനെത്തിയതോടെ ജിജോയുടെ കായികജീവിതത്തിലെ കുതിപ്പ് തുടങ്ങി.കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളജിലും പാലാ സെന്റ് തോമസ് കോളജിലും ജിജോ കായിക മുന്നേറ്റം തുടർന്നു.സെന്റ് തോമസ് കോളജിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ വിദഗ്ധ പരിശീലനത്തിന് അവസരം കിട്ടിയത്.പഠനം പൂർത്തിയാക്കി വിവിധ സ്കൂളുകളിൽ കായികപരിശീലകനായി ജോലി ചെയ്തു. പിന്നീടാണ് പ്രവാസ ജീവിതത്തിനായി അമേരിക്കയിലെത്തിയത്.


.അവിടെ മലയാളി സംഘടനകളിലും കൂട്ടായ്മകളിലും സജീവമായിരുന്നു.സൗത്ത് ഫ്ലോറിഡയിൽനിന്ന് രണ്ടുവർഷം മുമ്പാണ് കുടുംബസേമതം ഡാലസിലേയ്ക്ക് താമസം മാറിയത്.

കളമശേരിയിൽ നടന്ന1995ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് ചാമ്പ്യൻഷിപ്പ് നേടിയ മൂന്നുപേരിൽ ഒരാളായിരുന്നു ജിജോ.മറ്റുളളവർ ട്രാക്കിനങ്ങളിൽ മികവുതെളിയിച്ച് ചാമ്പ്യൻഷിപ് നേടിയപ്പോൾ ഫീൽഡിലെ ഉജ്വല പ്രകടനമാണ് ജിജോയെ ഒന്നാമനാക്കിയത്. ഷോട്പുട്ട്,ഡിസ്കസ് ത്രോ,ജാവലിൻ ഇനങ്ങളായിരുന്നു ജിജോയുടെ ഇഷ്ടമൽസരങ്ങൾ.ഈ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ചാമ്പ്യൻഷിപ്പിന് അർഹനായത്. 


.
ദേശീയ താരമായ ജിജോ,സർവകലാശാലാതല മൽസരങ്ങളിലും ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. തോമസ് മാഷ് ഉൾപ്പെടെയുളളവരുമായും മുതിർന്ന കായികതാരങ്ങളുമായും ഗുരുശിഷ്യ ബന്ധം പുലർത്തുന്നതിൽ ഏറെ തൽപരനായിരുന്നു ജിജോയെന്ന് കായികരംഗത്തെ സുഹൃത്തുക്കൾ അനുസ്മരിച്ചു.
കടനാട് വടക്കേക്കര ദിവ്യയാണ് ഭാര്യ. മക്കൾ:ജെയ്ഡൻ, ജോർഡിൻ.

( സംസ്കാരം ഇന്ന് എന്ന് തെറ്റായി ചേർത്തതിൽ ഖേദിക്കുന്നു)

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments