പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തു നിന്നും ആരംഭിച്ച്, ശ്രദ്ധകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കോട്ടത്താവളം വെള്ളച്ചാട്ടം വഴി കോലാഹലമേടിനുള്ള റോഡിൻ്റെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച നടക്കും. അടിവാരം അമ്പലം മുതുകുന്നം ഭാഗത്തേക്ക് 40 വർഷങ്ങൾക്കു മുമ്പ് നാട്ടുകാർ ചേർന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു . ഈ റോഡാണ് അടിവാരം - കോട്ടത്താവളം - കോലാഹലമേട് റോഡ് ആയി ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.
25 ലക്ഷം രൂപ മുടക്കി 5 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് വെട്ടിത്തുറന്നാണ് കോലാഹലമേട്ടിൽ വരെ എത്തിയിരിക്കുന്നത്. 2023 മെയ് 23 ന് ആരംഭിച്ച പണികൾ 2025 മാർച്ച് 27ന് പൂർത്തിയായി. പൂഞ്ഞാർ - പെരിങ്ങുളം - അടിവാരം മേഖലയ്ക്കാകെ വികസന സാദ്ധ്യതകൾ തുറന്നു തരുന്ന ഈറോഡ് പൂഞ്ഞാർ രാജകുടുംബത്തിന്റെ രാജപാത എന്ന ചരിത്ര പ്രാധാന്യത്താലും കോട്ടത്താവളത്തെ വെള്ളച്ചാട്ടത്താലും പ്രകൃതിസൗന്ദര്യ വിനോദ സഞ്ചാര സാധ്യതകളാലും അനന്തമായ സാമ്പത്തിക വളർച്ചയുടെ വാതായനങ്ങൾ തുറക്കുന്ന ഒന്നായിരിക്കും. കോട്ടയം - ഇടുക്കി ജില്ലകളെ തമ്മിൽ യോജിപ്പിക്കുന്ന തിനോടൊപ്പം തന്നെ ഈ റോഡ് തീർഥാടന കേന്ദ്രങ്ങളായ കുരിശുമല , മുരുകൻ മല , തങ്ങൾപാറ പ്രദേശങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കും.
റോഡിൻറെ ഉദ്ഘാടന കർമ്മം നാളെ വൈകുന്നേരം 4 മണിക്ക് അടിവാരം സെൻ്റ് മേരിസ് എൽ.പി സ്കൂളിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്യാലിയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള ത്രിതലപഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ, സാമൂഹിക, മത,സാംസ്കാരിക, രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments