പാലാ:- ഭരണകക്ഷി എം.എൽ.എമാർ നടത്തിയതിൽ കൂടുതൽ വികസനമെത്തിക്കാൻ പ്രതിപക്ഷ എം.എൽ . എ മാണി സി.കാപ്പന് സാധിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ്. സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും നടത്തി കേരളത്തെ മുച്ചൂടും മുടിച്ച രണ്ടാം ഇടതു സർക്കാരിന്റെ സ്പെഷ്യൽ സംഭാവനയാണ് പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളെ പാടേ അവഗണിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് ഇതു കൃത്യമായി മനസ്സിലാകുന്നുമുണ്ട്. ഈ അവഗണനക്കിടയിലാണ് പാലായിൽ ഭരണത്തിൽ സ്വാധീനമുള്ളവർ വികസന വിരോധികളാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളുടെ നീണ്ട നിരയുള്ളത്.
കോടികൾ മുടക്കി പണിത ലണ്ടൻ ബ്രിഡ്ജും അമിനിറ്റി സെന്ററുo നെല്ലിയാനിയിലെ മിനി സിവിൽ സ്റ്റേഷനും കമ്പി തുരുമ്പെടുത്തു നശിക്കുന്ന റിവർ വ്യൂ റോഡും നാലു തൂണിൽ തൂങ്ങുന്ന കളരിയാമാക്കൽ പാലവും ബൈ പാസ് റോഡിന്റെ മരിയൻ ജംഗ്ഷൻ വികസനവും മുത്തോലി കാറ്ററിംഗ് കോളേജുമെല്ലാം ചിലതു മാത്രം. ഇങ്ങനെ പട്ടണത്തിൽ മാത്രം 60 കോടി രൂപയുടെ ജനങ്ങളുടെ നികുതി പ്പണമാണ് പാഴാക്കിയിരിക്കുന്നത്. വേണ്ടത്ര പഠനമോ പരിശോധനയോ ഇല്ലാതെ ഭരണസ്വാധീനമുപയോഗിച്ച് നിർമ്മിച്ചതെല്ലാം ഇന്ന് ചുവപ്പുനാടയിലാക്കാൻ ഭരണസ്വാധീനം ഉപയോഗിക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണ്.
കെ.എം മാണി ആരംഭിച്ച പദ്ധതികൾ പൂർത്തീകരിക്കാതെ അട്ടിമറിച്ച് മാണി സി. കാപ്പനെ മോശക്കാരനാക്കാനുള്ള ശ്രമം വൃഥാവിലാണ്. കാരണം തനിക്ക് ലഭിക്കുന്ന ഫണ്ടുകൾ ജനോപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാനും കൃത്യമായി അവലോകന യോഗങ്ങൾ വിളിച്ചു ചേർത്ത് പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സാധിക്കുന്നതു കൊണ്ടാണ് ഇത്രയധികം വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പൂർത്തീകരിക്കാൻ സാധിച്ചത്. പാലായുടെ ചരിത്രത്തിൽ ആദ്യമായി എം.എൽ.എ ഓഫീസ് തുറന്ന് രാഷ്ട്രീയത്തിനതീതമായി നാട്ടിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അറിയിക്കാനും പരിഹാരം കണ്ടെത്താനും സാധിച്ചത് പരിവാരങ്ങളൊടൊത്ത് ദർശന സമയം കാത്തിരുന്ന പഴയകാലരീതിക്ക് വരുത്തിയ മാറ്റമാണ്.
ശുപാർശയില്ലാതെ എം.എൽ.എ യെ നേരിൽക്കണ്ട് നാടിന്റെ വികസന കാര്യങ്ങളും വ്യക്തിപരമായ ആവശ്യങ്ങളും അറിയിക്കാൻ കഴിയുന്നത് ജനങ്ങളുടെ അവകാശമാണ്. മാണി സി. കാപ്പൻ ജനപ്രതിനിധികൾക്ക് മാതൃകയാകുന്നത് വിനയാന്വിതമായ പെരുമാറ്റവും ദൗത്യ നിർവഹണത്തിലുള്ള കൃത്യനിഷ്ഠയും സുതാര്യമായ പ്രവർത്തന ശൈലിയും മൂലമാണെന്ന് ഭരണകക്ഷി നേതാക്കൾ പോലും അംഗീകരിക്കുന്നു. സർക്കാരിൽ നിന്നും ലഭിച്ചതും സ്വാധീനമുപയോഗപ്പെടുത്തി നേടിയെടു ത്തതുമായ വെള്ളപ്പൊക്ക ,വരൾച്ചാ ദുരിതാശ്വാസ ഫണ്ടുകൾ, ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് എന്നിവയൊക്കെ ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളതു കൊണ്ടാണ് പാലായിൽ ഇത്രയധികം വി കസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. രഹസ്യമായി വന്ന് ഫണ്ട് സ്വീകരിക്കുന്ന ഭരണകക്ഷി ജനപ്രതിനിധികളുമുണ്ട്. ഭരണത്തിൽ പങ്കാളിത്തമുള്ളവരെക്കൊണ്ട് പ്രയോജനമില്ല എന്നതിന് കൂടുതൽ തെളിവ് വേണ്ടല്ലൊ.
സ്വന്തം വകുപ്പ് മന്ത്രിയുണ്ടായിട്ടും 19.75 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയ അരുണാപുരം റഗുലേറ്റർ കംബ്രിഡ്ജ് നടപ്പാക്കാത്തവർ എം.എൽ.എയെ കുറ്റം പറഞ്ഞാൽ പ്രബുദ്ധരായ പാലാക്കാർ അംഗീകരിക്കുമോ?
കഴിഞ്ഞ ദിവസം എൽ.ഡി.എഫ് നേതാക്കളിൽ ചിലർ മനസ്സില്ലാമനസ്സോടെ നടത്തിയ പത്രസമ്മേളനത്തിൽ ഒരു എം.എൽ.എക്ക് അഞ്ച് വർഷം കൊണ്ട് എം.എൽ.എ ഫണ്ടും ആസ്തി വികസന ഫണ്ടുമായി 30 കോടിയാണ് ലഭിക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. അതെല്ലാം കൃത്യമായും സങ്കുചിത രാഷ്ട്രീയ താൽപര്യമില്ലാതെയും അർഹിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനും ഉദ്യോഗസ്ഥ തലത്തിൽ അവലോകന യോഗങ്ങൾ വിളിച്ചു ചേർത്ത് പൂർത്തികരിക്കുന്നതിനും മാണി സി. കാപ്പൻ വൻവിജയമാണെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. അസംബ്ലിയിൽ പാലാക്ക് അനുവദിച്ചിരിക്കുന്ന സമയം മറ്റുള്ളവർക്ക് നൽകുന്നുവെന്ന ആക്ഷേപം എത്ര ബാലിശമാണ്. ഒരു എം.എൽ.എ ക്ക് അനുവദിച്ചിരിക്കുന്ന ചുരുങ്ങിയ സമയo കൊണ്ട് പാലായുടെ കാര്യങ്ങൾ പൂർണ്ണമായും അവതരിപ്പിക്കാൻ സാധിക്കാത്തതുകൊണ്ട് മറ്റു സ്വതന്ത്ര എം.എൽ.എമാരുമായി ആലോചിച്ച് സമയം നീട്ടി വാങ്ങുന്ന ക്രമീകരണം ചെയ്യാറുണ്ട്. ഇത് മാണി സി. കാപ്പൻ കൊണ്ടു വന്നതല്ല. നിയമസഭയിൽ വർഷങ്ങളായി നിലനിൽക്കുന്ന ക്രമീകരണമാണ്. സമയം ലഭിക്കാത്തതിന്റെ പേരിൽ നിയമസഭയിൽ മോശമായി പെരുമാറുന്ന രീതി അദ്ദേഹത്തിനില്ല എന്ന മാന്യത പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പറയേണ്ട കാര്യങ്ങൾ പറയേണ്ടതുപോലെ കൃത്യമായും ചുരുക്കമായും അവതരിപ്പിക്കുന്നതിൽ ഭരണ, പ്രതിപക്ഷ എം.എൽ.എമാർ ഒന്നടങ്കം മാണി സി. കാപ്പനെ നിയമസഭയിൽ അഭിനന്ദിക്കുന്നതും നാം കണ്ടിട്ടുള്ളതാണ്.
പാലായിൽ ഇപ്പോൾ നടക്കുന്നത് എലിയെ തോല്പിച്ച് ഇല്ലം ചുടുന്ന ഹീന പ്രവൃത്തിയാണ് - രാഷ്ട്രീയ ഭാഗ്യാ ന്വേഷണത്തിൽ ധാർമ്മികതയുടെ ലവലേശമില്ലാതെ ആക്രാന്തം കാട്ടിയവരെ പാലായിലെ പ്രബുദ്ധ ജനത പാഠം പഠിപ്പിച്ചു. അതിന്റെ വാശിയിൽ പാലാക്കാർക്ക് വലിയ നഷ്ടമുണ്ടായി എന്ന് പറയുകയും ബോധ്യപ്പെടുത്താൻ വികസന പ്രവർത്തനങ്ങൾക്കെല്ലാം ഭരണസ്വാധീനമുപയോഗിച്ച് തുരങ്കം വെക്കുകയും ചെയ്യുന്ന രീതിയാണിവിടെ നടക്കുന്നത്. എം.എൽ.എ ഫണ്ടിൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ നടപ്പാക്കേണ്ട 12 പദ്ധതികൾ ഒരു വർഷത്തിലധികമായി അനുമതി ലഭിക്കാതെ കിടക്കുന്നുവെന്നതിൽ കൂടുതൽ തെളിവ് ആവശ്യമില്ല.
പ്രിയപ്പെട്ട എൽ.ഡി.എഫ് നേതാക്കളെ , നിങ്ങൾ സത്യം മനസ്സിലാക്കുന്നു. നിങ്ങളുടെ പത്രസമ്മേളനത്തിൽ നിങ്ങൾ പറഞ്ഞു - തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല. ഈ നയം തിരുത്താൻ പാലായിലെ നിങ്ങളുടെ നേതാവിനോടാണ് ആവശ്യപ്പെടേണ്ടത്. സത്യം തിരിച്ചറിയുന്ന പാലായിലെ പ്രബു ദ്ധജനതയെ കബളിപ്പിക്കാനാവില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയം ഇല്ലായെന്ന പ്രഖ്യാപനം പ്രവർത്തികളിൽ പ്രകടമാക്കുന്ന മാണി സി .കാപ്പനെ നാടിന്റെ പുരോഗതിക്കായി സഹായിക്കണം. പണമുണ്ടന്ന് കരുതി വ്യക്തിഹത്യ ഫ്ളക്സുകളും അപവാദ പ്രചരണ പരിപാടികളും കൊണ്ട് പാലായിലെ നല്ലവരായ ജനങ്ങളെ നിങ്ങൾക്ക് തോല്പിക്കാനാവില്ല.
സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി , കൺവീനർ ജോർജ് പുളിങ്കാട്, സെക്രട്ടറി, കെ.ഗോപി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments