പാല നഗരസഭയിൽ ചെയർമാൻ ഷാജു വി തുരുത്തിനെതിരെ ഇന്ന് നടക്കുന്ന അവിശ്വാസ ചർച്ചയിൽ യുഡിഎഫ് പങ്കെടുത്തേക്കില്ലെന്ന് സൂചന. രാവിലെ യുഡിഎഫ് കൗൺസിലർമാർ മാണി സി കാപ്പൻ എംഎൽഎയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. രാവിലെ പത്തര ആകുമ്പോഴും യോഗം അവസാനിച്ചിട്ടില്ല. രാജിവയ്ക്കാൻ ചെയർമാൻ തയ്യാറാകാത്തതോടെ അവിശ്വാസത്തെ കേരള കോൺഗ്രസ് പിന്തുണയ്ക്കാനുള്ള സാഹചര്യം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വിട്ടുനിൽക്കാൻ ആലോചിക്കുന്നത്
സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ യുഡിഎഫ് കൗൺസിലർമാർ ഒപ്പിട്ടിരുന്നു. ചെയർമാനെ അവിശ്വാസത്തിന് മുമ്പ് രാജിവെപ്പിക്കാൻ കേരള കോൺഗ്രസ് പാർട്ടി പഠിച്ച പണി 18 നോക്കിയിട്ടും നടന്നില്ല. ഇന്നലെ രാത്രി വൈകിയും പാലാ കേന്ദ്രീകരിച്ച് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തോമസ് പീറ്ററിന് ചെയർമാൻ സ്ഥാനം നൽകാൻ അവിശ്വാസത്തെ പിന്തുണയ്ക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന അവസ്ഥയിലാണ് കേരള കോൺഗ്രസ് എം.
യുഡിഎഫ് വിട്ടുനിന്നാൽ അവിശ്വാസത്തെ വിജയിപ്പിക്കേണ്ടത് കേരള കോൺഗ്രസ് എമ്മിന്റെ മാത്രം ബാധ്യതയാകും. സ്വന്തം ചെയർമാനെ അവിശ്വാസത്തിലൂടെ പുറത്താക്കി എന്ന ദുഷ്പേര് പാർട്ടിക്ക് ഉണ്ടാവുകയും ചെയ്യും. ഇത് കണക്കാക്കി യുഡിഎഫ് വിട്ടുനിന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ശക്തമായ സൂചനകൾ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments