കോട്ടയം റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവിൽ പാലാ വിദ്യാഭ്യാസ ഉപജില്ല ഓവറോൾ കിരീടം നേടി. 27 സ്വർണ്ണം,26 വെള്ളി, 14 വെങ്കലം എന്നിങ്ങനെ 259 പോയിൻ്റ് നേടിയാണ് പാലാ വിദ്യാഭ്യാസ ഉപജില്ല ചാമ്പ്യന്മാരായത്. 22 വർഷത്തിന് ശേഷം ജില്ലാ കിരീടം ചൂടാൻ പാലായെ തുണച്ചത് പാലാ സെൻ്റ്.തോമസ് എച്ച് എസ്.എസിലെ കായികപ്രതിഭകൾ.
പാലാ സബ്ജില്ല നേടിയ 259 പോയിൻ്റിൽ 14 സ്വർണ്ണവും, 13 വെള്ളിയും, 7 വെങ്കലവും ഉൾപ്പെടെ 116 പോയിൻ്റ് പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേട്ടമാണ്. 2000 കായിക താരങ്ങൾ പങ്കെടുത്ത കായിക മേളയിൽ സ്കൂളുകളുടെ ഓവറോൾ പോയിൻ്റ് നിലയിൽ ഫസ്റ്റ് റണ്ണർ അപ്പാണ് പാലാ സെൻ്റ്.തോമസ്. അതിൽ തന്നെ പോൾ വാൾട്ടിൽ പാലാ സെൻ്റ്.തോമസിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ സാബു കുറിച്ച സംസ്ഥാന റിക്കാർഡും ഉൾപ്പെടും. അതോടൊപ്പം സീനിയർ ബോയിസ് 400 മീറ്ററിൽ ഈ സ്കൂളിലെ മുഹമ്മദ് സ്വാലിഹ് , 200 മീറ്ററിൽ സാബിൻ ജോർജ്, എന്നിവർ മീറ്റ് റിക്കാർഡോടെയാണ് സ്വർണ്ണം നേടിയത്.
4 x 400 മീറ്റർ റിലേയിൽ ജൂണിയർ ടീമും സീനിയർ ടീമും നേടിയ മീറ്റ് റിക്കാർഡുകളും പാലായുടെ വിജയക്കുതിപ്പിൻ്റെ മാറ്റ് കൂട്ടി. സ്പോർട്ട്സ് സ്കൂളുകൾക്ക് മാത്രം കൈയെത്തിപ്പിടിക്കാൻ കഴിയുന്ന സ്വപ്നനേട്ടമാണ് എല്ലാ മേഖലയിലും മികവിന് ശ്രമിക്കുന്ന പാലാ സെൻ്റ്.തോമസ് സ്വന്തമാക്കിയത്. പാലായ്ക്ക് അഭിമാനാർഹമായ വിജയം സമ്മാനിച്ച കായികപ്രതിഭകളെ അനുമോദിക്കാൻ പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു വി. തുരുത്തൻ, വൈസ് ചെയർമാൻ ശ്രീമതി. ലീനസണ്ണി, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, മുൻസിപ്പൽ കൗൺസിലർ ശ്രീ. സാവിയോ കാവുകാട്ട്, കെ.എസ്.എസ്. സംസ്ഥാന പ്രസിഡൻ്റ് ശ്രീ.റ്റോബിൻ കെ. അലക്സ്, എന്നിവർ സ്റ്റേഡിയത്തിലെത്തി .പാലാ സെൻ്റ്.തോമസിലെ കായികപ്രതിഭകളെ അനുമോദിക്കാൻ ജനനേതാക്കൾ നേരിട്ടെത്തിയത് കുട്ടികൾക്ക് വലിയ ആവേശമായി.
പാലാ സെൻ്റ്.തോമസിൻ്റെ വിജയത്തിൽ നിർണ്ണായകമായത് കായികാദ്ധ്യാപകൻ ഡോ. ബോബൻ റ്റി. ഫ്രാൻസീസിൻ്റെയും മുഖ്യ പരിശീലകൻ ഡോ. തങ്കച്ചൻ മാത്യുവിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാദ്ധ്വാനവുമാണെന്ന്, മാനേജർ റവ. ഡോ. ജോസ് കാക്കല്ലിൽ, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ എന്നിവർ അനുസ്മരിച്ചു. പാലാ വിദ്യാഭ്യാസ ഉപജില്ലയ്ക്ക് ചരിത്രവിജയം സമ്മാനിച്ച ടീം സെൻ്റ്.തോമസിനെ പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments