പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി ചൊവ്വ രാവിലെ 10ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ സ്നേഹക്കൂട്, സിജിത അനിൽ, ഐബി ജോസ്, ബിന്ദു എൽസ തോമസ് എന്നിവരെയും തുഷാർ ഗാന്ധി ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും.
ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ സാബു കൂടപ്പാട്ട്, ഡോ ജോർജ് ജോസഫ് പരുവനാടി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികം ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ നൂറാം വാർഷികം, ഭാരതസ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം എന്നിവയുടെ സ്മരണയ്ക്കായിട്ടാണ് പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറും സ്ഥാപിച്ചത്. പാലാ നഗരസഭ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് അനുവദിച്ച സ്ഥലത്ത് 2022 ൽ നിർമ്മിച്ച ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അനാവരണം ചെയ്തത്. പാലായിലെ ആദ്യത്തെ ദേശീയ സ്മാരകമാണ് മൂന്നാനിയിലെ ഗാന്ധിസ്‌ക്വയർ. ഗാന്ധി സ്ക്വയറിൻ്റെ പരിപാലന ചുമതല നിർവ്വഹിക്കുന്നതും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments