തീക്കോയി ഗ്രാമപഞ്ചായത്തിലെ വനിതാ മെംബര്‍ പൊതുപ്രവര്‍ത്തനം വിട്ട് വിദേശരാജ്യത്തേയ്ക്ക്. അഞ്ചാം വാര്‍ഡ് അംഗം കവിതാ രാജുവാണ് നീണ്ടകാലത്തെ അവധിയ്ക്ക് അപേക്ഷ വച്ചത്. ആറ് മാസത്തിലധികം അവധി എടുത്താല്‍ അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം മറികടക്കാനുള്ള നീക്കവും പഞ്ചായത്ത് കമ്മറ്റിയില്‍ നടന്നു. ആറ് മാസത്തെ അവധി അനുവദിക്കാനും തുടര്‍ന്ന് നാല് മാസത്തേയ്ക്ക് അവധി നീട്ടിനല്കാന്‍ കമ്മറ്റി അപേക്ഷയായി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇതിന് എല്‍ഡിഎഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പെഴുതി.
13 അംഗ പഞ്ചായത്തില്‍ യുഡിഎഫ് 8 , എല്ഡിഎഫ് 4, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്ര അംഗം യുഡിഎഫിനൊപ്പമാണ്. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ വാര്‍ഡ് നഷ്ടപ്പെടുമോയെന്ന ആശങ്ക യുഡിഎഫിലുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മറ്റ് ചില നീക്കങ്ങള്‍ കൂടി നടക്കുന്ന പക്ഷം ഭരണംതന്നെ നഷ്ടപ്പെടുമെന്ന പേടിയും ഭരണസമിതിയ്ക്കുണ്ട്. സ്വതന്ത്ര അംഗം മാത്രമല്ല, മറ്റ് ചിലരും ചാഞ്ചാടി നില്ക്കുന്നത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
10 മാസത്തെ അവധിയ്ക്കായി കവിത സെക്രട്ടറിയെ സമീപിച്ചെങ്കിലും ആറ് മാസത്തിലധികം അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. അവധി എടുക്കുന്ന കാലയളവ് മറ്റൊരു അംഗത്തിന് അധിക ചുമതല നല്കണമെന്നാണ് ചട്ടം. അവധി നീണ്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തണം. എല്‍ഡിഎഫ് വിയോജനക്കുറിപ്പ് എഴുതിയ സാഹചര്യത്തില്‍ ഇതിന് വിശദീകരണം ആവശ്യമായി വരും.
അതേസമയം, ഇനിയുള്ള ഭരണകാലയളവ് മുഴുവന്‍, വിദേശത്തേയ്ക്ക് പോകാനുള്ള പഞ്ചായത്ത് അംഗത്തിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടെ കാണിക്കുന്ന അനീതിയാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments