മൂന്നിലവ് പഞ്ചായത്തിലെ കളത്തൂക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് മാലിന്യം കുഴിച്ചിട്ടെന്ന വിവാദത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ പരാതിയുമായി രംഗത്തുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ മാലിന്യമിട്ട കുഴികള്‍ മൂടുന്നതിന് മുന്‍പുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. നാളെ നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചിത്രങ്ങള്‍ ഹാജരാക്കി തുടര്‍ നടപടികള്‍ ആവശ്യപ്പെടാനാണ് ജോണ്‍സന്റെ തീരുമാനം. തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പരാതി അടിസ്ഥാനമില്ലെന്ന് കാട്ടി തള്ളാനായിരുന്നു തീരുമാനം.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് മുന്‍പാണ് ഇത് സംബന്ധിച്ച കോലാഹലങ്ങള്‍ ആരംഭിച്ചത്. കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റം ടൈല്‍ പാകിയത് വലിയ വിവാദത്തിലേയ്ക്കാണ് വഴിതുറന്നത്. കെട്ടിടത്തിന് പുറകില്‍ സ്ഥാപിച്ചിരുന്ന ഹരിതകര്‍മ സേനയുടെ മാലിന്യങ്ങള്‍ ആശുപത്രി മുറ്റത്തെ വലിയ കുഴി മൂടാനുപയോഗിച്ചെന്നും ഇതിന് മുകളില്‍ മണ്ണ് നിരത്തിയെന്നുമായിരുന്നു ജോണ്‍സന്റെ ആരോപണം. എന്നാല്‍ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് കേന്ദ്രമായി നിശ്ചയിച്ചിരുന്നതിനാല്‍ ഇവിടെ വേഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടെ സമീപ വാര്‍ഡംഗം അജിത്തുമായി കയ്യാങ്കളി ഉണ്ടാവുകയും ഇരുവരും ആശുപത്രിയിലാവുകയും ചെയ്തു.
വോട്ടെടുപ്പിന് ശേഷം ആദ്യമഴയില്‍തന്നെ ആശുപത്രി മുറ്റം താഴന്നത് തന്റെ പരാതി അടിസ്ഥാനമുള്ളതാണെന്ന് തെളിയിക്കുന്നതായി ജോണ്‍സണ്‍ പറയുന്നു. തുടര്‍ന്ന് കരാറുകാരന്റെ ചെലവില്‍ പുതുക്കിപ്പണിയാന്‍ ശ്രമം ആരംഭിച്ചെങ്കിലും ജോണ്‍സണ്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ബ്ലോക്ക് തല ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിക്കുകയും മാലിന്യം കുഴിച്ചിട്ടെന്ന പരാതി പരിശോധിക്കണമെന്ന നിര്‍ദേശിക്കുകയും ചെയ്തു.
കുഴിച്ചു പരിശോധിക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കിയെങ്കിലും ആവശ്യമായ തുക പഞ്ചായത്തിലടയ്ക്കണമെന്നാണ് സെക്രട്ടറി നിര്‍ദേശിച്ചത്. 10000 രൂപയില്‍ താഴെ ചെലവ് വരുന്ന പണികള്‍ക്കായി എസ്റ്റിമേറ്റ് തയാറാക്കിയത് 2.79 ലക്ഷം രൂപയാണ്. ഈ തുകയില്‍ വിശദീകരണം ആവശ്യപ്പെട്ട് ജോണ്‍സണ്‍ കത്ത് നല്കിയെങ്കിലും മറുപടി ലഭിച്ചില്ല.
തുടര്‍ന്നാണ്, തെളിവുണ്ടെങ്കില്‍ അടുത്ത കമ്മറ്റിയില്‍ ഹാജരാക്കാനും അല്ലാത്ത പക്ഷം പരാതി നിലനില്‍ക്കില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയത്. ഇതോടെയാണ് കുഴി മൂടുന്നതിന് മുന്‍പ് മാലിന്യക്കെട്ടുകള്‍ കുഴിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ ഹാജരാക്കാന്‍ ജോണ്‍സണ്‍ തീരുമാനിച്ചത്. നാളെ നടക്കുന്ന കമ്മറ്റിയില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കും. മാത്രമല്ല, ആശുപത്രി മുറ്റത്ത് നടത്തി പണികള്‍ക്ക് ഡിഎംഒയുടെ അനുമതി ഇല്ലെന്നും ജോണ്‍സണ്‍ പറയുന്നു. പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റ ചാര്‍ലി ഐസക്കിന്റെ വാര്‍ഡിലാണ് സംഭവം നടന്നിരിക്കുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ നാളെ പഞ്ചായത്ത് കമ്മറ്റി തീരുമാനം നിര്‍ണായകമാവും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments