Latest News
Loading...

നസ്രാണി മാപ്പിള സമുദായ യോഗം സംഘടിപ്പിക്കപ്പെട്ടു.
മെത്രാന്മാർക്കു മുൻപ് പതിനാറാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികളുടെ  ഭരണസിരാകേന്ദ്രം ആയിരുന്ന പകലോമറ്റത്തെ അർക്കദിയാക്കന്മാരുടെ പുണ്യ കബറുകൾ പുരാതന കാലത്തെ  പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് വീണ്ടും അനുഗൃഹീതമായി. മലയാള ഭാഷ ഇന്നത്തെ രീതിയിൽ രൂപപ്പെടുന്നതിന് മുമ്പ്തന്നെ   അർക്കദിയാക്കോൻമാരുടെ  കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന റംശ പ്രാർത്ഥന മാർത്തോമാ പാരമ്പര്യമുള്ള നസ്രാണി സഭകളിലെ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടപ്പോൾ  വേറിട്ട അനുഭവമായി. തുടർന്ന്,  മിശിഹാമാർഗം  ഹെന്തോയിൽ ( ഇന്ത്യ ) എത്തിച്ച മാർത്തോമാ ശ്ലീഹായുടെ ദുക്റാന  ( ഓർമ്മ )തിരുനാളിൽ  മാർത്തോമാ ശ്ലീഹായെയും  തുടർന്ന് മാർത്തോമ്മാ മാർഗ്ഗം  സംരക്ഷിച്ച  ഏതദ്ദേശീയ അർക്കദിയാക്കോനച്ചന്മാരും പേർഷ്യയിൽ നിന്നുള്ള കൽദായ സുറിയാനി മെത്രാന്മാരും വൈദേശിക സ്വാധീനങ്ങളാൽ  പല കൂറുകളായി മാറിയ  നസ്രാണികളുടെ ഐക്യത്തിനു വേണ്ടി  ധീര നടപടികൾ എടുത്ത മഹത് വ്യക്തികളുമാകുന്ന  പിതാക്കന്മാരെയും ഓർത്തും ധ്യാനിച്ചും ഇന്നത്തെ തലമുറയിലേക്ക് എത്തിക്കുന്ന 'പിതാക്കന്മാരുടെ വഴിയേ' എന്ന തീർത്ഥാടന പ്രദക്ഷിണം നടത്തി വിശ്വാസികൾ യോഗസ്ഥലത്തേക്കു നീങ്ങി. പകലോമറ്റം കുടുംബയോഗത്തിന്റെ  ആസ്ഥാന മന്ദിരത്തിൽ നടന്ന നസ്രാണി സമ്മേളനത്തിന് മെത്രാന്മാരും വൈദികരും വിശ്വാസികളുമടങ്ങുന്ന നസ്രാണി സഭകളുടെ പ്രതിനിധികളും മറ്റു സമുദായങ്ങളുടെ പ്രതിനിധികളും ചേർന്ന് ഏഴു വിളക്കിലെ ( മെനോറ ) തിരികൾ തെളിച്ചു. അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ  ആരംഭിച്ച സമ്മേളനത്തിൽ  കൽദായ സുറിയാനി സഭയുടെ തലവൻ മാർ ഔഗേൻ കുറിയാക്കോസ് മെത്രാപ്പോലീത്ത, മാർത്തോമാ സുറിയാനി സഭയുടെ റാന്നി ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർണബാസ്  മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത , സി എസ് ഐ സഭ ബിഷപ് ഉമ്മൻ ജോർജ് എന്നീ മെത്രാന്മാർ പങ്കെടുത്തു. റംശ നമസ്കാരത്തെ തുടർന്ന് അനുഗ്രഹപ്രഭാഷണത്തിൽ മെത്രാന്മാർക്ക് മുമ്പ്  സഭയെ നയിച്ച അർക്കദിയാക്കോൻമാരുടെ പുണ്യ കബറുകൾ ഉള്ള പകലോമറ്റത്ത് വന്നു പ്രാർത്ഥിക്കുന്നത് വലിയ ഊർജ്ജം നൽകുമെന്ന് ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത പറഞ്ഞു ... 


മാർ ഔഗേൻ കുറിയാക്കോസ് മെത്രാപ്പോലീത്ത കുറവിലങ്ങാടും  പകലോമറ്റവും  നസ്രാണി സഭകളുടെ അതിപുരാതന കേന്ദ്രങ്ങൾ ആണെന്നും സഭകളെ ഒന്നിപ്പിച്ചു നിർത്താനും സുറിയാനി പാരമ്പര്യങ്ങൾ സംരക്ഷിക്കാനും  കഴിയുന്ന സ്ഥലങ്ങൾ ആണെന്നും സൂചിപ്പിച്ചു.... 

 മാർത്തോമ്മാ മാർഗവും വഴിപാടും  പത്രോസിന്റെ മാർഗം പോലെ തന്നെ  പ്രാധാന്യമുള്ളതാണെന്നും പാശ്ചാത്യവും പൗരസ്ത്യവുമായുള്ള  ഓരോ സഭയും അതാതു സഭകളിലെ  വിശ്വാസികളും അവരവരുടെ പാരമ്പര്യങ്ങൾ വിശ്വസ്തതയോടെ കൂടി കാത്തുസൂക്ഷിക്കണമെന്നും മറ്റു സഭകളുടെ പാരമ്പര്യങ്ങളെയും രീതികളെയും പരസ്പരം മാനിക്കണം എന്നും  ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്  മെത്രാപ്പോലീത്ത  ആഹ്വാനം ചെയ്തു....

 ക്രിസ്തുവിന്റെ സ്നേഹം  നസ്രാണി സഹോദരങ്ങൾ തമ്മിലും  മറ്റു സമുദായങ്ങൾ തമ്മിലും ഉണ്ടാകണമെന്നും ഈശോയ്ക്ക് വേണ്ടി, ദൈവ രാജ്യത്തിനുവേണ്ടി   കൂടുതൽ സാക്ഷ്യങ്ങൾ സഭകൾ ഒരുമിച്ച് നിന്ന് നടത്തേണ്ടതുണ്ടെന്നും ബിഷപ്പ് ഉമ്മൻ ജോർജ് അഭിപ്രായപ്പെട്ടു....

 സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് പാലാ രൂപത വികാരി ജനറൽ മലേപ്പറമ്പിൽ ജോസഫച്ചൻ സമ്മേളനത്തിന് ആധ്യക്ഷ്യം വഹിച്ചു. യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മുൻ വൈദിക ട്രസ്റ്റി  സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ ആശംസകൾ അർപ്പിച്ചു. നായർ സമുദായത്തിൽ നിന്ന് ശ്രീ. ബാബു കിളിരൂർ,  ഈഴവ സമുദായത്തിൽ നിന്ന് ഡോ. ബിജു എം എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പകലോമറ്റം കുടുംബയോഗം രക്ഷാധികാരി ബഹുമാനപ്പെട്ട കോട്ടയിൽ ജോസച്ചൻ , നസ്രാണി മാപ്പിള സംഘം ദക്ഷിണ മേഖല പ്രതിനിധി ജോസ് ഈശോ കോട്ടൂർ  എന്നിവരും സംസാരിച്ചു. ശ്രീ.  അബ്രാഹം ബെന്ഹർ രചിച്ച ' The Jewish Indians ' എന്ന ഗ്രന്ഥം മാർ ഔഗേൻ കുറിയാക്കോസ്  മെത്രാപ്പോലീത്ത ശ്രീ. തേക്കിൻകാട് ജോസിന് ആദ്യ പ്രതി നൽകി പ്രകാശിപ്പിച്ചു. സമ്മേളനത്തിന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ  കോൺട്രിബ്യൂഷൻ  ഭാരവാഹി സോണി വെളിയത്തുമ്യാലിലിൽ നിന്ന് യോഗാധ്യക്ഷൻ  സ്വീകരിച്ചു. അർക്കദിയാക്കോൻമാരുടെ കാലഘട്ടത്തിലെ  16 കൽദായ സുറിയാനി രേഖകളെ അധികരിച്ചുള്ള സുപ്രധാന പഠന  ചിന്തകൾ  ശ്രീ. ജോസുകുട്ടി മരങ്ങാട്ടിൽ  അവതരിപ്പിച്ചു....


 സംവരണ രഹിത സമുദായങ്ങൾക്ക് ഉപകരിക്കുന്ന  സാമ്പത്തിക സംവരണത്തെ അനുകൂലിച്ച  യോഗം അഞ്ച് ഏക്കർ ഭൂമി, എട്ടു ലക്ഷം വാർഷിക വരുമാനം എന്ന മാനദണ്ഡമാണ് കേരളത്തിലും നടപ്പാക്കേണ്ടതെന്നും   നിലവിൽ സംവരണം ഉള്ളവരുടെ ക്രീമി ലെയറിനും ഇതേ മാനദണ്ഡം തന്നെ വച്ച് അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പത്തു വർഷത്തേക്ക് ഉദ്ദേശിച്ചു രാജ്യത്ത് നടപ്പാക്കിയ സംവരണമാണ്  ക്രൈസ്തവ പ്രതിനിധികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാളുകളിൽ   വേണ്ടെന്നു പറഞ്ഞതെന്നും  തുടർന്നുള്ള പരിഷ്കരണങ്ങളിൽ അർഹതപ്പെട്ട  മറ്റുള്ളവരെ ഉൾപ്പെടുത്തിയ പോലെ  ക്രൈസ്തവരിലെ അർഹരായ  സമുദായങ്ങളെയും  ഉൾപ്പെടുത്തണമെന്നും ജാതി സംവരണത്തിൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കടന്നുകൂടിയിട്ടുള്ള മതസംവരണം വിവേചനം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനിയായതിന്റെ പേരിൽ ജാതിയുടെ സംവരണം നഷ്ടപ്പെട്ട ദളിത് ക്രൈസ്തവർക്ക് നിഷേധിക്കപ്പെട്ടതും നേരത്തെ ലഭ്യമായിരുന്നതുമായ സംവരണാനുകൂല്യം എത്രയും വേഗം പുന: സ്ഥാപിക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയും  ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യേണ്ട ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വലിയ പ്രതീക്ഷ നൽകിയെങ്കിലും റിപ്പോർട്ട് പുറത്തുവിടാതെ ന്യൂനപക്ഷ വകുപ്പും മറ്റും രഹസ്യമായി കൈകാര്യം ചെയ്യുന്നത്  സുരക്ഷിതമായും നിഷ്പക്ഷമായും ആകുമോ  എന്നതിൽ  ക്രൈസ്തവർക്ക് ഉള്ള ആശങ്ക  യോഗം പ്രകടിപ്പിച്ചു. തികച്ചും ന്യൂനപക്ഷമായി രാജ്യത്തും സംസ്ഥാനത്തും  എന്നും നിലനിൽക്കുന്ന ക്രിസ്തീയ സഭകൾ രാജ്യത്തിനും പൊതുസമൂഹത്തിന് നൽകിയിട്ടുള്ള  ഗണ്യമായ സംഭാവനകളെ തമസ്കരിക്കുന്ന സമീപനവും ക്രൈസ്തവ അവഹേളനവും മതനിരാസവും കൂടിവരുന്നതും അത്തരം സംഘടിത ശ്രമങ്ങൾ പൈശാചികമായി കൂടി വരുന്നതും യോഗത്തിൽ ചർച്ചയായി. ഞായറാഴ്ചകളും ക്രൈസ്തവരുടെ പ്രാധാന്യമുള്ള പൊതു അവധി ദിവസങ്ങളും വിവിധ പരീക്ഷകൾക്കും മറ്റുമായി  പ്രവൃത്തി ദിവസങ്ങൾ ആക്കി മാറ്റിയെടുക്കുന്ന  പ്രവണത കൂടി വരുന്നത്  ഗൗരവത്തിൽ എടുക്കുന്നെന്ന് യോഗം വിലയിരുത്തി. ഗവൺമെന്റ്കളുടെ വേണ്ടത്ര സഹകരണം ഇല്ലാതിരുന്നിട്ടും ക്രൈസ്തവർ ചെയ്യുന്ന നന്മകളെ ബോധപൂർവ്വം തിരസ്കരിക്കുന്നത് ചർച്ചയായി. ക്രൈസ്തവ വിശ്വാസികളിലെ മറ്റു സമുദായങ്ങളുമായും  രാജ്യത്തുള്ള മറ്റു സമുദായങ്ങളുമായി  പ്രശ്നാധിഷ്ഠിതമായി  യോജിച്ചുള്ള സമീപനങ്ങൾ സ്വീകരിക്കണമെന്നും യോഗത്തിൽ ധാരണയായി. വിവിധ മതങ്ങളുമായും സമുദായങ്ങളുമായും  സാഹോദര്യത്തിൽ കഴിഞ്ഞു വന്നിരുന്ന  സാഹചര്യങ്ങൾ മാറി വരുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗൗരവമായ വിഷയമായി എല്ലാവരും പരിഗണിക്കണമെന്ന് യോഗത്തിൽ അഭിപ്രായം  ഉയർന്നു. സ്നേഹ വിരുന്നോടെ സമാപിച്ച യോഗത്തിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള  നൂറുകണക്കിന് നസ്രാണികൾ  പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments