പാലാ: പാലാ ഡിവിഷന് കീഴിൽ വരുന്ന പാലാ, ഭരണങ്ങാനം, പൈക, രാമപുരം സെക്ഷനുകളിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ അപ്രതീക്ഷിത വൈദ്യുതി മുടക്കം മൂലം വലഞ്ഞു . ക്രൈസ്തവ വിശ്വാസികളായ ഉപഭോക്താക്കൾ മെഴുകുതിരി വെളിച്ചത്തിലാണ് പെസഹ അപ്പം മുറിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോട് കൂടി മുടങ്ങിയ വൈദ്യുതി വിതരണം ആറു മുതൽ 16 മണിക്കൂർ വരെ നീണ്ടു. മഴ മൂലമാണ് വൈദ്യുതി മുടങ്ങിയത് എന്നാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇത്തരം സംഭവങ്ങൾ യാദൃശ്ചികം അല്ലെന്നും പാലാ ഡിവിഷനിൽ സ്ഥിരമായി ഉണ്ടാകാറുള്ളതാണെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു.
പാല ഭരണങ്ങാനം പൈക സെക്ഷനുകളിൽ ഉണ്ടായിക്കൊണ്ടിരുന്ന നിരന്തരമായ ഇത്തരം വൈദ്യുതി മുടക്കങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാരം കാണുന്നില്ല എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
പാലാ ഡിവിഷന് കീഴിലെ വിതരണ ശൃംഖലയിൽ കേന്ദ്രസർക്കാരിൻറെ ഇന്റർ ഗ്രേറ്റർ പവർ ഡെവലപ്മെൻറ് സിസ്റ്റം വഴി നടപ്പിലാക്കിയ പല പദ്ധതികളും അഴിമതിയും വസ്തുക്കളുടെ ഗുണമില്ലായ്മ മൂലം ഉപഭോക്താക്കൾക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. ഇത്തരം വർക്കുകളുടെ ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് പരിശോധന നടത്തണമെന്നും വർക്കുകളുടെ ഫണ്ട് വിനിയോഗം കേന്ദ്ര ഊർജ്ജമന്ത്രാലയം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഊർജ്ജമന്ത്രാലയത്തിനും വിജിലൻസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും വിവിധ സംഘടനകളും.
പാല സെക്ഷന് കീഴിലെ പാല നഗരത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഭൂഗർഭ 11 കെവി വിതരണ ശൃംഖല തയ്യാറാക്കിയെങ്കിലും അതിൽ ഉപയോഗിച്ച വസ്തുക്കളുടെ നിലവാരമില്ലായ്മ മൂലം വൈദ്യുതി മുടക്കം നിത്യ സംഭവമാണ്. മാത്രമല്ല പാലാ ഭരണങ്ങാനം പൈക രാമപുരം സെക്ഷനുകളിലെ ഓവർ ഹെഡ് ലൈനുകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരിക്കുന്ന എഫ. പി. ഡി. (fault pass detector) ഉണ്ടായിട്ടും ദീർഘസമയം വൈദ്യുതി മുടങ്ങി കിടക്കുന്നു
പാലാ ഡിവിഷന് കീഴിൽ വരുന്ന ഭരണങ്ങാനം സെക്ഷനുകളിൽ വേണ്ടത്ര 11kvഫീഡർ സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും നിത്യ സംഭവമാണ്. പെസഹാ ദിനത്തിൽ ഭരണങ്ങാനം സെക്ഷന് കീഴിലുള്ള 89 ട്രാൻസ്ഫോമറുകളും ഓഫ് ആയി കിടക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഭരണങ്ങാനം സെക്ഷൻ പരിധിയിലെ ഫീഡറുകളും വിതരണ ശൃംഖലയും പുനർ ക്രമീകരണം നടത്തി ഭരണങ്ങാനം, പൈക സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പാലാ ഡിവിഷന് കീഴിലെ പൈക സെക്ഷനിലും സ്ഥിതി വിഭിന്നമല്ല മിക്കവാറും ദിവസങ്ങളിലും മണിക്കൂറുകൾ വൈദ്യുതി മുടങ്ങിക്കിടക്കുന്നു. പൈക സെക്ഷനിൽ വൈദ്യുതി മുടങ്ങിയാൽ പലപ്പോഴും ഉപഭോക്താക്കൾ ലാൻഡ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ കിട്ടാറില്ല എന്നും സി യു ജി നമ്പർ ഓഫാക്കി ഇടുന്നതായും ഉപഭോക്താക്കൾ ആരോപിക്കുന്നു. ഫോണിൽ ലഭിച്ചാൽ "കറണ്ട് പോയാൽ വരും" എന്നിങ്ങനെ ധാർഷ്ട്യത്തോടെയുള്ള മറുപടികളാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു.
പെസഹാ ദിനത്തിൽ പാല രാമപുരം ഭരണങ്ങാനം പൈക സെക്ഷനുകളിൽ ഉണ്ടായ ദീർഘമായ വൈദ്യുതി മുടക്കത്തിന്റെ കാരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വൈദ്യുത വകുപ്പ് മന്ത്രിക്കും വൈദ്യുതി വകുപ്പ് ചെയർമാനും പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
പാല ഭരണങ്ങാനം പൈക സെക്ഷനുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള വൈദ്യുതി മുടക്കങ്ങളിൽ താൽക്കാലികമായി എങ്ങനെയെങ്കിലും വൈദ്യുതി എത്തിച്ച് നൽകുകയല്ലാതെ ഇത്തരം വൈദ്യുതി മുടക്കങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ സബ് ഡിവിഷൻ അധികാരികൾ തയ്യാറാകുന്നില്ല എന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു. മാത്രമല്ല സെക്ഷനുകളെ സബ് ഡിവിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നതിലെ അപാകതകളും പരിഹരിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
അതേ സമയം മഴമൂലം ആണ് വൈദ്യുതടസം ഉണ്ടായതെന്നും 9 മണിയോടെ കൂടെ തന്നെ 90% പ്രശ്നങ്ങളും പരിഹരിച്ചിരുന്നതായും പാലാ കെഎസ്ഇബി AE അറിയിച്ചു. വൈക്കം റോഡിലും കവീക്കുന്ന് ഭാഗത്തുമുള്ള ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്യാനാണ് സമയം എടുത്തത്. എബിസി കേബിളിലെ പ്രശ്നം പരിഹരിക്കാനും കൂടുതൽ സമയം വേണ്ടിവന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments