പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പെരിങ്ങുളം - പച്ചിക്കൽ - അടിവാരം റോഡിന്റെയും പാലത്തിന്റെയും ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവിലാണ് റോഡിന്റെയും പാലത്തിന്റെയും നിർമാണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പെരിങ്ങുളം ജംഗ്ഷൻ മുതൽ അടിവാരം വരെ ആറുമീറ്റർ വീതിയിൽ മണ്ണ് ഇട്ടു ഉയർത്തി സൈഡ് കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിനോടൊപ്പം ഒരു കലുങ്കും പൈപ്പ് കൾവേൾട്ടും നിർമിച്ചിട്ടുണ്ട്.
അടിവാരം തോടിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന നടപ്പാതയ്ക്കു പകരമായാണ് പാലം നിർമ്മിക്കുന്നത്. പാലത്തിനു 12 മീറ്റർ നീളവും 5 മീറ്റർ വീതിയുമുണ്ട്. പെരിങ്ങുളം അടിവാരം പ്രദേശത്തെ എഴുപത്തിയഞ്ചോളം കുടുംബങ്ങൾ ഗതാഗത സൗകര്യത്തിന്റെ അഭാവം മൂലം മഴക്കാലത്ത് ഒറ്റപ്പെടുന്നതടക്കമുള്ള ദുരിതത്തിനാണ് റോഡ് നിർമാണത്തോടെ പരിഹാരമാകുന്നത്.
റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച്ച അഞ്ചു മണിക്ക് പെരിങ്ങുളം പാലം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തും. മുൻ അടിവാരം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് കുമാർ, അക്ഷയ് ഹരി, കെ കെ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് റെജി ഷാജി പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ - സാമൂഹിക- മത - സാംസ്‌കാരിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments