കോട്ടയം: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമാക്കി കേരളതെത്ത മാറ്റാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ സാധ്യമായതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പത്തര ലക്ഷം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസമേഖലയിലേക്കു തിരികെയെത്തിയതായും മന്ത്രി പറഞ്ഞു. കുറവിലങ്ങാട് ദേവമാത കോളേജ് മൈതാനത്ത് നടന്ന കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പ് രഹിത കേരളമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്ത ഒരു കുടുംബം പോലും ഇന്നില്ല. ഏതെങ്കിലുമൊരു കുടുംബത്തിന് റേഷൻ കാർഡില്ലെങ്കിൽ നിയമ കുരുക്കുകൾ ഒന്നും തന്നെയില്ലാതെ അവ വേഗത്തിൽ തന്നെ നൽകുന്നുമുണ്ട്.
തകർച്ചയിൽ നിന്നിരുന്ന സമസ്തമേഖലകളെയും ഉയർത്തിക്കൊണ്ട് വന്നത് ഈ സർക്കാരിന്റെ കഠിനമായ പ്രയ്തനത്തിലൂടെയാണ്. കാർഷിക രംഗത്തെ ഇടപെടലിലൂടെ 50,000 ഹെക്ടർ തരിശുഭൂമി കൃഷി ഭൂമിയാക്കി. കാർഷിക ഉത്പന്നങ്ങൾക്ക് പരാമാവധി താങ്ങുവില നൽകുന്ന സംസ്ഥാനം കേരളമാണ്.
വിദ്യാഭ്യാസം, വീടുകൾ, ഭക്ഷ്യ ഭദ്രത, ആരോഗ്യം എന്നിങ്ങനെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. ഏഴരവർഷം മുൻപ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 33 ലക്ഷം പേർക്കായി 1473 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ കുടിശികയുണ്ടായിരുന്നു. എന്നാൽ സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഈ കുടിശിക മുഴുവൻ കൊടുത്ത് തീർത്തുവെന്നും മന്ത്രി പറഞ്ഞു.
.ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം സർക്കാർ തുടരുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം ഭദ്രമാക്കി, വിദ്വേഷ പ്രസംഗവും വർഗ്ഗീയ കലാപങ്ങളും ഇല്ലാത്ത, മതസൗഹാർദവും സാഹോദര്യവും ഉറപ്പുവരുത്തുന്ന ജനതയെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഭരണഘടന സ്ഥാപനങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നുണ്ട്. ശബരിമലയിലെ സംഭവത്തെ വക്രീകരിക്കാൻ ശ്രമിച്ചു. ഏഴ് വർഷം കൊണ്ട് ശബരിമലയിൽ 220 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. നിലക്കൽ എരുമേലി ചെങ്ങന്നൂർ തുടങ്ങിയ ഇടങ്ങളിൽ ഇടത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. തീർത്ഥാടകർക്കായി കുടിവെള്ളം, വെന്റിലേറ്റർ, എമർജൻസി - ഐസിയു യൂണിറ്റുകൾ, വഴിവിളക്കുകൾ, കെ.എസ്.ആർ.ടി.സി. വഴിയുള്ള യാത്ര സൗകര്യം, ടോയ്‌ലെറ്റുകൾ, പ്രദേശത്തെ നിയന്ത്രിക്കാനുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കടുത്തുരുത്തി മണ്ഡലത്തിൽ കിടങ്ങൂർ ബൈപാസ് റോഡ്, മറ്റക്കര - കുമ്മണ്ണൂർ റോഡ് എന്നീ പദ്ധതികൾ പൂർത്തീകരിച്ചു. പിറവം - കടുത്തുരുത്തി റോഡ്, നീണ്ടൂർ- കുറുപ്പന്തറ റോഡ്, പുതുവേലി സംസ്ഥാന പാതയുടെ ഉപരിതല പ്രവർത്തി,
കടുത്തുരുത്തി, കുറുപ്പന്തറ റെയിൽവേ ഓവർ ബ്രിഡ്ജുകൾ, മുളക്കുളം യു.പി. സ്‌കൂൾ തുടങ്ങിയവയുടെ പണി പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ ഫാം ടൂറിസം അക്വാ വില്ലേജ്, അഗ്രികൾച്ചറൽ തീം പാർക്ക് എന്നീ മേഖലകൾക്ക് സർക്കാർ പ്രോത്സാഹനം നൽകും. പശ്ചാത്തല വികസന മേഖലയിൽ സാധ്യമായത് എല്ലാം സർക്കാർ ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ഏക പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഉൾപ്പെടെ 2021 നവംബർ ഒന്നുമുതൽ ഏർപ്പെടുത്തിയ ഓൺലൈൻ ബുക്കിംഗ് സൗകര്യംമൂലം അധിക വരുമാനം ലഭിക്കുന്നുണ്ട്. ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന നവകേരള സദസ് ലോക ജനാധിപത്യ സംവിധാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം മതേതരവാദികളുടെയും പുരോഗമന വാദികളുടെയും പച്ചത്തുരുത്താണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നത്തിലും കേരള സർക്കാർ രാഷ്ട്രീയ ബദലായി നിൽക്കുന്നു.
സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തി എന്നുള്ള അന്വേഷണമാണ് നവകേരള സദസിൽ നടക്കുന്നത്. നന്മയുടെ പാതയിൽ പോകുന്ന സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ് തിങ്ങിനിറഞ്ഞ സദസ്. കേരളത്തിനർഹമായ ധനവിഹിതം കേന്ദ്രസർക്കാർ വെട്ടികുറച്ചെങ്കിലും എല്ലാ മേഖലകളിലും പുതുമയുടെ ആശകിരണങ്ങളുമായി മുന്നേറുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments