Latest News
Loading...

നൂറിൽ നൂറ്റമ്പതുമായി ഭൂമിക വിത്തുകുട്ട സഫലമായി



പരിസ്ഥിതി ദിനത്തിന് മുന്നോടിയായി പൂഞ്ഞാർ ഭൂമികയുടെ നൂറാമത് വിത്തു കുട്ട പാതാമ്പുഴയിൽ നടന്നു. നൂറാമത് വിത്തു കുട്ടയിൽ 100 ഇനങ്ങൾ എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിനൊടുവിൽ 150ലേറെ ഇനങ്ങളാണ് കർഷകർ പങ്കുവെച്ചത്. ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഭൂമിക വിവിധ സ്ഥലങ്ങളിൽ മുൻപ് നടത്തിയ 99 വിത്തുകുട്ടകളിലായി ആയിരക്കണക്കിന് വിത്തുകളും തൈകളും മറ്റു നടീൽ വസ്തുക്കളും ഇതോടകം കൈമാറപ്പെട്ടിരുന്നു. 

.പച്ചക്കറി, ഫലവർഗ്ഗങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ ഔഷധങ്ങൾ, വൃക്ഷവിളകൾ തുടങ്ങിയവയുടെ വിത്തുകളും തൈകളും മറ്റു നടീൽ വസ്തുക്കളും ആണ് മുൻകൂട്ടി അറിയിക്കുന്ന ഒരു പ്രത്യേക കേന്ദ്രത്തിൽ കൊണ്ടുവന്ന് നിക്ഷേപിച്ച് ആളുകൾ പരസ്പരം കൈമാറുന്നത്. നൂറാമത് വിത്തു കുട്ടയിൽ കമണ്ഡലു, കൊയിന കസ്തൂരിമഞ്ഞൾ, ബ്രഹ്മി, വയമ്പ്, മുള്ളമൃത്, ചിറ്റമൃത്, രാമച്ചം, കച്ചോലം, ചെങ്ങഴുനീർ കിഴങ്ങ്, വാതക്കൊല്ലി, പഴുതാരക്കൊല്ലി, തൊഴുകാന്നി തുടങ്ങി എഴുപതിലേറെ ഔഷധ ഇനങ്ങൾ കൈമാറി. ചെറിത്തക്കാളി, മണതക്കാളി, വിവിധതരം പയർ, വെണ്ട, വഴുതിന, തുടങ്ങി നിരവധി പച്ചക്കറി വിത്തുകളും തൈകളും, മഹ്ഗോട്ടദേവ, ആത്ത, പനിനീർ ചാമ്പ, നെല്ലി, ബറാബാ, നീളൻ മൾബറി തുടങ്ങി രണ്ട് ഡസണിലേറെ ഫലവർഗ്ഗങ്ങളും അടതാപ്പ്, ചെറുകിഴങ്ങ് തുടങ്ങി കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് വൃക്ഷത്തൈകളും കർഷകർ വിത്തുകുട്ടയിൽ കൊണ്ടുവന്നു. 



പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയുടെ വീഡിയോ സന്ദേശത്തോടെയായിരുന്നു നൂറാം വിത്തുകുട്ട ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകരും വിവിധ സംഘടന പ്രവർത്തകരും നൂറാം വിത്തുകുട്ടയിൽ പങ്കെടുക്കാൻ എത്തി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി വിത്തുകുട്ടയിലെ ആദ്യ ഇനം ആൻഡ്രൂസ് ജോസഫിന് കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജി. ജനാർദ്ദനൻ, സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി സെക്രട്ടറി തങ്കച്ചൻ, ഭരണങ്ങാനം ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം ഡയറക്ടർ ജെയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റു കുന്നേൽ പൂഞ്ഞാർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് വി.വി. ജോസഫ് വട്ടോത്ത്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, ഭൂമിക പ്രസിഡന്റ് കെ.ഇ. ക്ലമന്റ് കരിയാപുരയിടം അഗസ്റ്റിൻ വെള്ളിലക്കാട്ട്, ഡോ.റോയി തോമസ്, ഡോ. ജൂബിലന്റ് ജോബ്, അക്ഷയശ്രീ മോളി പോൾ എന്നിവർ പ്രസംഗിച്ചു. 



വിൽസി ടോം, ബാലചന്ദ്രൻ നായർ മറ്റത്തിൽ, മാർട്ടിൻ തൈപ്പറമ്പിൽ, മനുശങ്കർ, കുറുവച്ചൻ പ്ലാത്തോട്ടം, മിലൻ എമ്മാനുവൽ, മനോജ് മാത്യു പാലാക്കാരൻ  എന്നിവർ നേതൃത്വം നൽകി. പാതാമ്പുഴ പബ്ലിക് ലൈബ്രറി വഴിയോര വായനമൂലയിൽ നിറയെ പരിസ്ഥിതി പുസ്തകങ്ങൾ നിരത്തി നൂറാം വിത്തുകുട്ടയ്ക്ക് പിന്തുണ നൽകി. വിത്തുകുട്ടയിൽ പങ്കെടുത്തവർക്ക് ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ മര്യാദകളുടെ ടൂറിസത്തിന്റെ പ്രചരണാർത്ഥം അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മലയിഞ്ചിപ്പാറ വനസ്ഥലി , മരിയാ ഫാം, നാട്ടുപച്ചകൾ എന്നിവിടങ്ങൾ സന്ദർശിക്കാനും സംഘാടകർ അവസരം ഒരുക്കിയിരുന്നു. ഭക്ഷ്യ സ്വയം പര്യാപ്തതയിലൂടെ ആരോഗ്യ സ്വാശ്രയത്വം സാധ്യമാക്കുക, പ്രാദേശിക ജൈവവൈവിധ്യനഷ്ടം പരിഹരിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ ഭക്ഷ്യദൂരം പരിമിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭൂമിക വിത്തുകുട്ടകൾ സംഘടിപ്പിക്കുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments