Latest News
Loading...

65-ാമത് കുരിശിന്റെ വഴിയും നഗരികാണിക്കൽ പ്രദക്ഷിണവും


പുണ്യശ്ലോകനായ അബ്രാഹം കൈപ്പൻ പ്ലാക്കലച്ചൻ ആരംഭിച്ച് പാലാ ളാലം പഴയപള്ളി നേതൃത്വം നല്കുന്ന പാലാ നഗരം ചുറ്റിയുള്ള 65-ാമത് കുരിശിന്റെ വഴിയും കർത്താവീശോമിശിഹായുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും എപ്രിൽ 7 ദുഃഖവെള്ളിയാഴ്ച 3 മണിക്ക് നടത്തപ്പെടുന്നു. ഉച്ചക്കഴിഞ്ഞ് 2.30 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ അർണോസ് പാതിരി രചിച്ച വിഖ്യാതമായ പുത്തൻപാനയുടെ പന്ത്രണ്ടാം പാദ വായനയ്ക്കുശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. പാലാ പട്ടണം സമ്പൂർണ്ണമായി ചുറ്റിയുള്ള കുരിശിന്റെ വഴിയെന്നതാണ് ഈ കുരിശിന്റെ വഴിയുടെ പ്രത്യേകത. അങ്ങനെ നടത്തപ്പെടുന്ന ഏക കുരിശിന്റെ വഴി എന്നതിനാൽ പാലായുടെ പരിസരപ്രദേശങ്ങളിൽ നിന്നായി കുടുംബസമേതം അനേകായിരങ്ങളാണ് ഈ കുരിശിന്റെ വഴിയിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്നത്. 


.പാലാ ളാലം പഴയപള്ളിയിൽ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി പാലാ ബിഷപ്സ് ഹൗസിനു മുമ്പിലൂടെ പാലാ കുരിശുപള്ളി, മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴികളിലൂടെ ബൈപ്പാസ് റോഡുവഴി തിരികെ പള്ളിയിലെത്തി സമാപിക്കുന്നു.

.മുണ്ടനോലിക്കൽ ഔതച്ചൻ, പുളിക്കൽ ഔതച്ചൻ, സഹോദരൻ കുഞ്ഞാഗസ്തി, ആവിമൂട്ടിൽ അപ്പിച്ചേട്ടൻ, മകൻ തൊമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഴയ പള്ളിയുടെ പരിസരത്ത് നടത്തപ്പെട്ടിരുന്ന സുപ്രസിദ്ധമായ പങ്കപ്പാട് ദൃശാവിഷ്ക രണമായിരുന്നു ഈ കുരിശിന്റെ വഴിയുടെ ആദിരൂപം. തടിയും ചിരട്ടയുമുപയോഗിച്ച് നിർമ്മിക്കപ്പെട്ടതും ചരടുകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതുമായ രൂപങ്ങളുപയോഗിച്ച് കുരിശിന്റെ വഴിയുടെ ഓരോ രംഗവും പുനരാവിഷ്കരിച്ചിരുന്ന അപൂർവ്വമായ കലാരൂപമായിരുന്നു പങ്കപ്പാട് ദൃശ്യാവിഷ്കാരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമതഭേദമന്യേ അനേകായിരങ്ങൾ എത്തുകയും ജനബാഹുല്യം നിയന്താണാതീതമാവുകയും ചെയ്തപ്പോൾ 1958-ൽ അന്നത്തെ ളാലം പള്ളി വികാരി യായിരുന്ന അബ്രാഹം കൈപ്പൻപ്പാക്കലച്ചനാണ് ദൃശ്യാവിഷ്കരണം നിറുത്തി നഗരികാണിക്കൽ കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും വിശദീകരിച്ച് അച്ഛൻ നടത്തിയിരുന്ന വികാരസാന്ദ്രമായ പ്രസംഗങ്ങൾ കേട്ട് കണ്ണീരണിഞ്ഞാണ് അക്കാലത്ത് ആളുകൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചിരുന്നത്. 

വാർത്താ സമ്മേളനം കാണാം: Facebook

ഇപ്പോൾ കുരിശിന്റെ വഴിയുടെ 4 സ്ഥലങ്ങൾ കൂടുമ്പോൾ ഒന്ന് എന്ന രീതിയിൽ സന്ദേശങ്ങൾ ചുരുക്കിയിട്ടുണ്ട്. ഏപ്രിൽ 7 ദുഃഖവെള്ളിയിൽ നടക്കുന്ന കുരിശിന്റെ വഴിയിൽ പുഷ്പാലംകൃതമായ വാഹനത്തിൽ മിശിഹായുടെ കബറടക്കതിരുസ്വരൂപം സംവഹിക്കപ്പെടും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും. തിരുകർമ്മങ്ങൾക്കും കുരിശിന്റെ വഴിയ്ക്കും ളാലം പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. മാത്യു വാഴചാരിയ്ക്കൽ, കൈക്കാരന്മാരായ ടെൻസൻ മാത്യു, ജോമോൻ വേലി ക്കകത്ത്, ജോയി ചേന്നാട്ട്, ചാൾസ് ചേറ്റുകുളം കൺവീനർമാരായ രാജേഷ് പാറ യിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്കും.

ഫാ. ജോസഫ് ആലഞ്ചേരിൽ, കൈക്കാരന്മാരായ ടെൻസൻ മാത്യു, ജോമോൻ വേലിക്കകത്ത്, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments