Latest News
Loading...

വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുവാൻ കേരള കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് യുഡിഎഫ്

സാമൂഹ്യവിരുദ്ധരുടെ പേരിൽ തയ്യാറാക്കിയ കത്തിലൂടെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുവാൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുനിസിപ്പൽ വാഹനങ്ങളും അധികൃതരെയും ദുരുപയോഗം ചെയ്യുന്നതായി യുഡിഎഫ് ആരോപിച്ചു. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളും, അപകീർത്തികരമായ സന്ദേശങ്ങളും വ്യക്തിഹത്യയും ലക്ഷ്യമിട്ട് പേരിൽ തയ്യാറാക്കിയ കത്തുകൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രചരണായുധമാക്കുന്നത് അപലപനീയമാണ്. എന്നാൽ അതിനേക്കാൾ ഗൗരവതരമായ പ്രശ്നം ഈ പാർട്ടിയുടെ ഭരണം നടക്കുന്ന നഗരസഭയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ ഈ കത്തുകൾ പല സ്ഥലങ്ങളിലും എത്തിച്ചു എന്നുള്ളതാണ്. ഇത്തരം അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകൾ യുഡിഎഫിന്റെ പക്കൽ ഉണ്ട്. ഇത് ചൂണ്ടിക്കാട്ടി പാലാ ഡിവൈഎസ്പിക്ക് പരാതിയും നൽകിയതായും പ്രൊഫസർ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, തോമസ് ആർ വി ജോസ്, ജോഷി വട്ടക്കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം വൈസ് പ്രസിഡൻറ് സഞ്ജയ് സക്കറിയാസ് എന്നിവരെയാണ് ഈ കത്തിലൂടെ വ്യക്തിഹത്യ ചെയ്യുവാൻ ലക്ഷ്യമിടുന്നത്. ജോസ് കെ മാണിയും അനുയായികളും ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തെ നിയമപരമായി നേരിടാൻ ആയിട്ടാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ പങ്കെടുത്തത് കേരള കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം നേതാവും, മുൻസിപ്പാലിറ്റിയിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആണ്. സത്യസന്ധമായ അന്വേഷണം നടന്നാൽ യാഥാർത്ഥ്യങ്ങൾ പുറത്തുവരുമെന്നും നേതാക്കൾ പറഞ്ഞു.

 ഭരണപക്ഷത്തുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും പാലായിലെ പോലീസ് സ്വീകരിച്ചു വന്നിട്ടുള്ളത്. നഗരസഭാ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര വനിത കായിക താരം അധിക്ഷേപിക്കപ്പെട്ട വിഷയത്തിൽ ഉൾപ്പെടെ ഇത് ബോധ്യമായതാണ്. അതുകൊണ്ടു തന്നെ ഇത്തവണ അത്തരം ഒരു സമീപനം ആവർത്തിക്കപ്പെട്ടാൽ അതിനെ ഗൗരവമായി കണ്ട് ശക്തമായി പ്രതിരോധിക്കുകയും രാഷ്ട്രീയമായി നേരിടുകയും ചെയ്യും. രാഷ്ട്രീയ മാന്യത കൊണ്ട് യുഡിഎഫ് പറയാത്ത പല സത്യങ്ങളും വിളിച്ചു പറയുവാനും നിർബന്ധിതരാകുമെന്നും ഇവർ പറയുന്നു. 


രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയം പറഞ്ഞ് നേരിടാനുള്ള ആർജ്ജവം ഇല്ലെങ്കിൽ ജോസ് കെ മാണിയും പാർട്ടി പിരിച്ചുവിട്ടു പൊതുപ്രവർത്തനം അവസാനിപ്പിക്കണം. തങ്ങൾക്കെതിരെ രാഷ്ട്രീയ വിമർശനം ഉയർത്തുന്നവരെയും തങ്ങളുടെ രാഷ്ട്രീയ കൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നവരെയും അവഹേളിക്കുവാൻ ചില അവതാരങ്ങളെ കൂട്ടുപിടിക്കുന്നവർ നടത്തുന്ന സാമൂഹ്യ തിന്മയും യുഡിഎഫ് ജനങ്ങളെ ബോധ്യപ്പെടുത്തും. പാലായുടെ അഭിമാനഗോപുരമായ സെന്റ് തോമസ് കോളേജ് അലുമിനി അസോസിയേഷനോടും, രൂപതാ സ്ഥാപനമായ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനോടും സാദൃശ്യം തോന്നുന്ന പേരിൽ കടലാസ് സംഘടനകൾ ഉണ്ടാക്കി പണപ്പിരിവ് നടത്തി ജീവിക്കുന്നവരെ കൂട്ടുപിടിച്ചുള്ള ഈ രാഷ്ട്രീയം ഒരു സാമൂഹ്യ തിന്മയാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ആർജ്ജവം യുഡിഎഫിന് ഉണ്ട് എന്നും കേരള കോൺഗ്രസിന് യുഡിഎഫ് പാലാ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകുകയാണ്. നീതിയുക്തമായ പോലീസ് അന്വേഷണം നടക്കുന്നില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെരുവുകൾ മാധ്യമങ്ങളിലൂടെ യുഡിഎഫ് പുറത്തു വിടുമെന്നും യുഡിഎഫ് നേതാക്കൾ പാലായിൽ പറഞ്ഞു.🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക