Latest News
Loading...

സംഗീതരംഗത്തെ പൂഞ്ഞാറിന്റെ ശബ്ദമായി സാജൻ പെരിങ്ങുളം

ക്രിസ്തീയ ഭക്തിഗാനരംഗത്ത് ഇതിനോടകം ഒട്ടനവധി ഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനാവുകയാണ് പൂഞ്ഞാര്‍ സ്വദേശി സാജന്‍ പെരിങ്ങുളം. സാജന്‍ രചിച്ച കാതിനും മനസിനും കുളിരേകുന്ന ഭക്തിഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് പാരഡി ഗാനത്തിനും തൂലിക ചലിപ്പിച്ച സാജന്റെ പാട്ടുകള്‍ ഏറെ ഹിറ്റായിരുന്നു. പരിമിതികള്‍ക്കിടയില്‍ നിന്നാണ് സാജന്റെ ഈ നേട്ടങ്ങളെല്ലാം. പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിനായി തിരുഹൃദയ സ്നേഹം എന്ന ഗാനത്തിന്റെ പണിപ്പുരയിലാണ് സാജനിപ്പോള്‍. 

ചെറുപ്പം മുതലേ സംഗീതം ഇഷ്ടമായിരുന്ന സാജന് റേഡിയോ മാത്രമായിരുന്നു പാട്ടുകേള്‍ക്കാന്‍ ഒരു ആശ്രയം. സംഗീത ഉപകരണങ്ങള്‍ പഠിക്കണമെന്ന ആഗ്രഹത്തിന് പക്ഷേ സാമ്പത്തികം തടസ്സമായി. പിന്നീട് പൂഞ്ഞാര്‍ നവധാര സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പ്രശ്‌സ്ത കീബോര്‍ഡിസ്റ്റ് സുനില്‍ പ്രയാഗിന്റെ ശിഷ്യനായി. തബലയടക്കം സംഗീതോപകരണപഠനം പുരോഗമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു വര്‍ധിച്ചതോടെ പഠനം മുടങ്ങി. എങ്കിലും നെഞ്ചിലൂറിയ സംഗീതത്തെ ചേര്‍ത്ത് പിടിച്ചായിരുന്നു സാജന്റെ വിദ്യഭ്യാസകാലം.  

സ്‌കൂള്‍ പഠനകാലത്ത് തന്നെ ചെറിയ ഗാനങ്ങള്‍ സാജന്‍ എഴുതി തുടങ്ങിയിരുന്നു. എന്നാല്‍ ഇവയൊന്നും ആരെയും കാണിക്കാതെ സൂക്ഷിച്ചു. എഴുതിയ ഗാനം ഒരാളെ ഒരിക്കല്‍ കാണിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയ അനുഭവമായിരുന്നു ഇതിന് കാരണം. തന്റെ കഴിവിന് ഒരുനാള്‍ അംഗീകാരം ലഭിക്കുമെന്ന സാജന്റെ ആത്മവിശ്വാസത്തിന് അദികെ വൈകാതെ ഫലമുണ്ടായി. ഗായകനും ഗാന രചിയാതാവുമായ ബേബി പൂവത്തോട് സംഗീതം നല്കിയ ക്രിസ്തീയ ഭകതിഗാന ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍ പാടിയ പ്രപഞ്ചമാകെ നിറഞ്ഞ് നില്‍ക്കും എന്ന ഗാനം 2013-ല്‍ സാജന്റെ രചനയില്‍ പുറത്തിറങ്ങി. അതിനുശേഷം സ്വര്‍ഗ്ഗീയ സുതന്‍, കാന്താരി മുല്ല, പ്രിയസഖിമീര, ഓണക്കൂട്ട്, കാത്തിരിക്കുന്ന സ്‌നേഹം, മുറിവാര്‍ന്ന സ്‌നേഹം, ബലിയായ് ഈശോ തുടങ്ങി നിരവധി ഗാനോപഹാരങ്ങള്‍ പുറത്തുവന്നു. 

സ്‌നേഹസാന്ദ്രം എന്ന സിനിമയ്ക്ക് വേണ്ടിയും സാജന്‍ രണ്ട് ഗാനങ്ങള്‍ എഴുതി. കഴിഞ്ഞ ഇല്ക്ഷന്‍ കാലത്ത് പി സി ജോര്‍ജ്, ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ എന്നിവരുടെ പ്രചാരണത്തിനായി സാജന്‍ എഴുതിയ ഗാനങ്ങള്‍ തരംഗമായിരുന്നു. അതില്‍ പി സി ജോര്‍ജിന് വേണ്ടി എഴുതിയ പുലിമടയിലെ പുലിയാണെടാ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 


പൂഞ്ഞാര്‍ കൈപ്പള്ളി റൂട്ടില്‍ വെള്ളാപ്പാറയില്‍ അമ്മ അന്നമ്മയ്‌ക്കൊപ്പമാണ് സാജന്‍ താമസിക്കുന്നത്. പിതാവ് അബ്രാഹം നേരത്തെ മരണപ്പെട്ടിരുന്നു. 80 ഓളം ഗാനങ്ങളാണ് ഇതുവരെ സാജന്റെ തൂലികയിൽ നിന്നും പുറത്തുവന്നത്. കൂടുതല്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് സാജന്‍.

Post a Comment

0 Comments