Latest News
Loading...

രാമപുരത്തേയ്ക്ക് വിശ്വാസി പ്രവാഹം

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ രാമപുരത്തേയ്ക്ക് ഒഴുകിയെത്തി. രാവിലെ ഓന്‍പതിന് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നേര്‍ച്ചഭക്ഷണം വെഞ്ചരിച്ചു. തുടര്‍ന്ന് വൈകുന്നേരം ആറു വരെ വരെ 15 കൗണ്ടറുകളിലായി നേര്‍ച്ച ഭക്ഷണം വിതരണം നടന്നു. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. 12 ന് ആരംഭിച്ച തിരുനാള്‍ പ്രദക്ഷിണം ടൗണ്‍ചുറ്റി പള്ളിയില്‍ സമാപിച്ചു.

 ഉച്ചകഴിഞ്ഞ് പാലാ രൂപതയിലെ ഡി സി എം എസിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടന പദയാത്ര കുഞ്ഞച്ചന്റെ സവിധത്തിലെത്തി. ഫൊറോന വികാരിയും വൈസ് പോസ്റ്റുലേറ്ററും വൈദികരും ട്രസ്റ്റിമാരും ചേര്‍ന്ന് സ്വീകരണം നല്‍കി. തുടര്‍ന്ന് ഫാ. ജോസ് വടക്കേക്കുറ്റ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തിരുനാളിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. വിവിധ ഡിപ്പോകളില്‍ നിന്നും രാമപുരത്തേയ്ക്ക് സര്‍വ്വീസ് നടത്തിയത് വിശ്വാസികള്‍ക്ക് ആശ്വാസമായി. ആരോഗ്യ വകുപ്പിന്റെയും പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

 നേര്‍ച്ച വിതരണത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. മാര്‍ ശ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സേവനവും പള്ളി മൈതാനത്ത് ഒരുക്കിയിരുന്നു. വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് ഈറ്റയ്ക്കകുന്നേല്‍, ഫാ. ആന്റണി വാഴക്കാലായിൽ, ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, കൈക്കാരന്‍മാരായ ജിസ് വാഴയ്ക്കമലയില്‍, ജോബി പുളിക്കീല്‍, ജോസഫ് വണ്ടനാനിക്കല്‍, അപ്പച്ചന്‍ കിഴക്കേക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments