Latest News
Loading...

വാഹനാപകടങ്ങൾ കുറയ്ക്കുവാൻ കർശന വേഗനിയന്ത്രണ നടപടികൾ

പാലാ: അടുത്ത കാലത്തായി പാലാ നഗരപ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുവാൻ കർശന വേഗനിയന്ത്രണ നടപടികൾ സ്വീകരിക്കുവാൻ നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത പാലാ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചതായി ചെയർമാൻ അൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.നഗരപ്രദേശം അപകട രഹിതമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പാഞ്ഞു. റബ്ബർ സ്ടിപ്പുകൾ, കനം കൂടിയ മാർക്കിംഗ് സ്ട്രിപ്പുകൾ എന്നിവ അടിയന്തിരമായി സ്ഥാപിക്കുവാനും നിർദ്ദേശിച്ചു.


ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വിവിധ ജംഗ്ഷനുകളുടെ ശാസ്ത്രീയ രൂപകല്പനയ്ക്കായി നാറ്റ്പാക്കിന് കത്തു നൽകുമെന്ന് ചെയർമാൻ പറഞ്ഞു. ആവശ്യമായ പഠനത്തിനായി ഇവരെ ക്ഷണിക്കുമെന്നും ചെയർമാൻ പറഞ്ഞു.
അടിയന്തിരമായി നടപ്പാക്കുവാൻ കഴിയുന്നത് വേഗനിയന്ത്രണത്തിനായുള്ള നടപടികളാണ്.

ബൈപാസുകൾ ഉൾപ്പെടെ നിരവധി പുതിയ ഗതാഗത മാർഗ്ഗങ്ങൾ വാഹനങ്ങൾ പ്രയോജനപ്പെടുത്തപ്പെട്ടതോടെയും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയുo ജംഗ്ഷനുകൾ എല്ലാം തിരക്കേറിയതുമായി എന്ന് മോട്ടോർ വാഹന വകുപ്പും പോലീസ് വിഭാഗവും അറിയിച്ചു.

അപകട സാദ്ധ്യത ഏറിയ പുലിയന്നൂർ നാൽക്കവലയിൽ വേഗനിയന്ത്രണത്തിനായുള്ള നടപടികൾ അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ യോഗം പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.

.പുലിയന്നൂർ, അരുണാപുരം, കോഴാ റോഡ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ റൗണ്ടാനകൾ, ഡിവൈഡറുകൾ, സിഗ്നലുകൾ എന്നിവയ്ക്കായി കാലേകൂട്ടി പദ്ധതികൾ വിഭാവനം ചെയ്യുവാൻ ശാസ്ത്രീയ രൂപകല്പനയ്ക്കായി തുടർനടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് അധികൃതരെ യോഗം ചുമതലപ്പെടുത്തി.


വൺവേ തെറ്റിച്ച് നഗരത്തിലെ പ്രധാന പാത വഴി ആംബുലൻസുകൾ ചീറിപ്പായുന്നതും ഗതാഗതപ്രശ്നങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്നതായും അപകട സാദ്ധ്യതകൾ വർധിപ്പിക്കുന്നതായും വിലയിരുത്തി.
സമാന്തരപാതയിലെ ഊരാശാല നാൽക്കവലയിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും..പ്രാധാനഭാഗത്തെയും സ്കൂളുകളുടെ സമീപത്തെയും സീബ്രാലൈനുകൾ മാഞ്ഞു പോയിരിക്കുന്നത്‌ പുതിയതായി വരയ്ക്കുവാനും നടപടി ഉണ്ടാവും.വൺവേ ട്രാഫിക് സംവിധാനമുള്ള റിവർവ്യൂ റോസ് തകർന്നതിനാലുള്ള ഗതാഗത തടസ്സം പരിഹരിക്കുവാൻ ഉടൻ റീടാർ ചെയ്യുവാൻ ചെയർമാൻ നിർദ്ദേശം നൽകി.


ഈ ഭാഗം ബിറ്റുമിൻ കോൺക്രീറ്റ് ടാർ ചെയ്യുന്നതിനായുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ നടന്നുവരുന്നതായും പി.ഡബ്ല്യു.ഡി. അധികൃതർ യോഗത്തെ അറിയിച്ചു. 

റിവർവ്യൂറോഡിലൂടെ കടന്നു പോകുന്ന ഉയരം കൂടിയ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ പാല ത്തിൻ്റെ അടിഭാഗത്ത് ഇടിച്ച് തകരാർ സംഭവിക്കുന്നതും വാഹനങ്ങൾ കൂടുങ്ങുന്നതിനും പരിഹാരം ഉണ്ടാക്കണമെന്ന് നിർദ്ദേശം ഉയർന്നു.


.റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് സിവിൽ സ്റ്റേഷൻ അനക്സിൽ സ്ഥലം ലഭ്യമായെന്നും അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടെ ആർ.ടി.ഒ.ഓഫീസ് മാറ്റി സ്ഥാപിക്കുമെന്നും യോഗത്തിൽ മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഓഫീസ് മാറുന്നതോടെ ചെത്തിമറ്റത്ത് ഇരുവശത്തുമുള്ള വാഹന പാർക്കിഗ് പ്രശ്നത്തിനും പരിഹാരമാകും. 

കാഴ്ച മറയ്ക്കുന്നതും റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ളതുമായ എല്ലാ പരസ്യ ബോർഡുകളും നീക്കം ചെയ്യുന്നതിനും റോഡിലേക്ക് വളർന്നു നിൽക്കുന്ന കാടുകൾ നീക്കം ചെയ്യുന്നതിനും നിർദ്ദേശം നൽകി.


യോഗത്തിൽ പോലീസ്, ട്രാഫിക്, മോട്ടോർ വാഹന വകുപ്പ് ,പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതരും കൗൺസിലർമാരും പാസഞ്ചേഴ് അസോസിയേഷൻ, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments