Latest News
Loading...

ബൈക്ക് അഭ്യാസി പിടിയില്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെയും സുഹൃത്തിനെയും ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലും (19) സുഹൃത്തുമാണ് പിടിയിലായത്. പുതിയ ബൈക്ക് വാങ്ങി നല്കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിക്കാത്താതതിനെ തുടര്‍ന്ന് ബന്ധുവിന്റെ ബൈക്കുമായി ആരോമല്‍ വാഗമണ്ണിലെത്തുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്തു. 


വ്യാഴാഴ്ച രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പോയ യുവാവ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ഓടിച്ചാണ് അഭ്യാസം കാട്ടിയത്. പലതവണ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ബസിന്റെ മുന്നില്‍ ബൈക്ക് വെട്ടിത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ബസ് യാത്രക്കാരിലൊരാള്‍ പറഞ്ഞു. 


തീക്കോയി മേഖലയില്‍ പലതവണ ഇത് ആവര്‍ത്തിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബുധനാഴ്ച വാഗമണ്‍ മേഖലയില്‍ നിന്നും ചൊവ്വാഴ്ച വാഹനം കൈവിട്ട് ഓടിച്ചത് ആളുകള്‍ ചോദ്യം ചെയ്‌തെങ്കിലും ഗൗനിക്കാതെ കടന്നുപോവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ തീക്കോയിയില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും മംഗളഗിരി റൂട്ടില്‍ സുഹൃത്തും കടന്നുകളയുകയായിരുന്നു.


 പോലീസ് അറിയിച്ചതനുസരിച്ച് പ്രദേശത്തുണ്ടായിരുന്ന തീക്കോയി പഞ്ചായത്തംഗം രതീഷും  നാട്ടുകാരും വാഹനം റോഡിന് കുറുകെയിട്ട് തടഞ്ഞാണ് ഇവരെ പോലീസില്‍ ഏല്‍പിച്ചത്. ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്‌ഐ വിഷ്ണു വി.വി എന്നിവരുടെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നിയമലംഘകനെ പിടികൂടിയത്.




Post a Comment

0 Comments