Latest News
Loading...

അനധികൃതധനകാര്യസ്ഥാപനം. പാലായില്‍ ധനകാര്യസ്ഥാപനമുടമ അറസ്റ്റില്‍.

ലൈസന്‍സോ അധികാര പത്രങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ചുവന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍. പാലാ മുരിക്കുംപുഴ ഭാഗത്ത് എമ്പയര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ധനകാര്യസ്ഥാപനം നടത്തിവന്ന എലിക്കുളം മല്ലികശ്ശേരി കുറുമാക്കല്‍ വീട്ടില്‍ വാസവന്റെ മകന്‍ രൂപേഷ് മോന്‍ (42) ആണ് പിടിയിലായത്. പണയമായി സ്വീകരിക്കുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ വിവിധ ബാങ്കുകളില്‍മേല്‍ പണയം നല്‍കി ഇയാള്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി.  

സഹകരണ സ്ഥാപനം ഉള്‍പ്പെടെ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയതായി പോലീസിന് പരാതി ലഭിച്ചിരുന്നു. മുക്കുപണ്ടം പണയംവെച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പാലാ അര്‍ബന്‍ സൊസൈറ്റി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ സ്ഥാപനം അടച്ചു മുങ്ങിയത് . ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയ പ്രതി പണയ ഉരുപ്പടികള്‍ ഉടന്‍ മടക്കി നല്‍കുമെന്ന് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അതിനിടെ ഒരു ഇടപാടുകാരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് സ്ഥാപനം പരിശോധിച്ചു രേഖകള്‍ സഹിതം പ്രതിയെ കസ്റ്റഡിയിലെടുത്തത്. 


പോലീസ് നടത്തിയ പരിശോധനയില്‍ പാലായിലെ നാഷണലൈസ്ഡ് ബാങ്ക് ഉള്‍പ്പെടെ നിരവധി ബാങ്കുകളില്‍ സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെപി തോംസണ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്റ്റേഷന്‍ എസ് ഐ  അഭിലാഷ് എം ഡി,  എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റെക്കാര്‍ഡുകളും മുതലുകളും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


Post a Comment

0 Comments