Latest News
Loading...

മീഡിയ വൺ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യാതെ ഹൈക്കോടതി



സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി.  സംപ്രേക്ഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നേരത്തെ മീഡിയ വൺ ചാനലിൻ്റെ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിം​ഗ് ലിമിറ്റഡ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി സിംഗിൾ ബെഞ്ച് തള്ളി. ഇതിനെതിര മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായി ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.



ഇന്ന് നടന്ന വാദത്തിൽ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവൺ ചാനലിനായി ഹാജരായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇൻ്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും  ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നും  ദുഷ്യന്ത് ദവെ വാദിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണ്. വിലക്ക് ശരിവച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്നും ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിൻ്റെ സംപ്രേഷണമനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മീഡിയവണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഓപ്പണ് കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാമെന്നും  അമൻ ലേഖി കോടതിയെ അറിയിച്ചു.

കേസിൽ വാദം പൂ‍ർത്തിയാവും വരെ ചാനലിൻ്റെ സംപ്രേക്ഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രസ‍ർക്കാർ നൽകുന്ന രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവമുണ്ടാക്കുക. 

Post a Comment

0 Comments