Latest News
Loading...

പൂഞ്ഞാര്‍ വെള്ളാപ്പാറയില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വെള്ളാപ്പാറയില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. തൊട്ടടുത്ത് വീടുകളിലെന്ന സൗകര്യം മുതലെടുത്ത് ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിച്ചാണ് ഇവിടെ മാലിന്യനിക്ഷേപം. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. 

പൂഞ്ഞാര്‍ കൈപ്പള്ളി റോഡില്‍ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളാപ്പാറയിലാണ് റോഡരികിലെ മാലിന്യനിക്ഷേപം. പാറക്കെട്ട് നിറഞ്ഞ ഇവിടെ കാടുകയറിയ നിലയിലാണ്. വാഹനങ്ങളില്‍ ചാക്കുകളിലാക്കി കൊണ്ടുവരുന്ന മാലിന്യം വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ നിക്ഷേപിച്ച് പോവുകയാണ് പതിവ്. ജൈവമാലിന്യങ്ങളും നിക്ഷേപിക്കുന്നതോടെ പ്രദേശത്ത് ദുര്‍ഗന്ധവും അനുഭവപ്പെട്ട് തുടങ്ങി. 



മുന്‍പ് കോഴിക്കടയിലെ മാലിന്യം റോഡരികില്‍ തള്ളിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇവിടെ ദുര്‍ഗന്ധപൂരിതമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രം പ്രദേശവാസികള്‍ പകര്‍ത്തിയിരുന്നു.

 പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളുമടക്കമാണ് ഇവിടെയെത്തിച്ച് നിക്ഷേപിക്കുന്നത്. മഴയില്‍ ഇത് ഒഴുകിയെത്തുക മീനച്ചിലാറ്റിലേയ്ക്കാണ്. മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.

Post a Comment

0 Comments