Latest News
Loading...

പാലാ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സ് ഫെബ്രുവരി അവസാനവാരം തുറക്കും

പാലാ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സ് ഫെബ്രുവരി അവസാനവാരം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഷോപ്പിംഗ് കോംപ്ലക്‌സില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. താഴത്തെ നിലയിലുള്ള കടമുറികളാണ് ആദ്യഘട്ടത്തില്‍ തുറന്നുനല്കുന്നത്. 



കെഎം മാണി എംഎല്‍എ ആയിരുന്ന കാലത്താണ് കെഎസ്ആര്‍ടിസിയില്‍ മന്ദിരനിര്‍മാണത്തിനായി 4.66 കോടി രൂപ പ്രാദേശിക വികസന ഫണ്ട് വഴി അനുവദിച്ചത്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 4 വര്‍ഷത്തോളമാണ് പാഴായത്. കഴിഞ്ഞ ജൂണില്‍ കെഎസ്ആര്‍ടിസി തനത് ഫണ്ടില്‍ നിന്നും 40.86 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. ഗ്രൗണ്ട് ഫ്‌ളോര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതിനാല്‍ കടമുറികള്‍ തുറന്നുകൊടുക്കാനാണ് തീരുമാനമെന്ന് എംഎല്‍എ പറഞ്ഞു. 


ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശോച്യാവസ്ഥയിലുള്ള ശുചിമുറികള്ക്ക് പകരം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 6 വീതം നവീന ടോയ്‌ലെറ്റുകളും തയാറായിട്ടുണ്ട്. കടമുറികള്‍ ലേലത്തില്‍ പോകുന്നതോടെ കെഎസ്ആര്‍ടിസിയ്ക്ക് അത് വരുമാനമാര്‍ഗവുമാകും. ഫെബ്രുവരി 20നും 28നും ഇടയിലാകും ഉദ്ഘാടനം. രണ്ടാംനില കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്കാനാണ് ഉദ്ദേശമെന്നും എംഎല്‍എ പറഞ്ഞു. 

പാലാ എ ടി ഒ അഭിലാഷ്, കൺട്രോളിംഗ് ഇൻസ്പെക്ടർമാരായ സനൽകുമാർ, ജോജോ ജോസഫ്, ഡിപ്പോ എഞ്ചിനീയർ കുറുപ്പുസാമി എന്നിവരുമായി എം എൽ എ ചർച്ച നടത്തി.

യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുനിസിപ്പൽ കൗൺസിലർ പ്രൊഫ സതീഷ് ചൊള്ളാനി, അഡ്വ സന്തോഷ് മണർകാട്ട്, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments