Latest News
Loading...

വീണ്ടും വരുമോ ലോക്ഡൗണ്‍ ? അവലോകനയോഗം നാളെ



കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് അവലോകന യോഗം നാളെ ചേരും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് യോഗം ചേരുക.  പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെയും നടക്കും.  

ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നല്‍കിയ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായി. ഇതുമൂലം വരുന്ന ആഴ്ചകളിലെ കണക്കില്‍ വന്‍കുതിപ്പ് ഉണ്ടാകുമെന്ന ആശങ്കയും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍  സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


.ഓണത്തിന് ഇളവ് നല്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തുന്നു.  അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. 


.വാക്സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പരമാവധി പേര്‍ക്ക് വാക്സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. 

Post a Comment

0 Comments