Latest News
Loading...

എൽഡിഎഫും, കേരള സർക്കാരും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് മോൻസ് ജോസഫ്


കോട്ടയം: മുൻ ധനകാര്യ മന്ത്രി കെ.എം മാണി സാറിനെ അഴിമതിക്കാരനായി വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ച എൽഡിഎഫും, കേരള സർക്കാരും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും, പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

    കേരള രാഷ്ട്രീയത്തിലെ ഏറ്റവും സമുന്നത നേതാവായിരുന്ന കെ.എം മാണി സാറിനെ അപമാനിച്ച എൽഡിഎഫ് നടപടി തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ്. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ സ്വന്തം കൂടയിലാക്കിയ ശേഷം കെ.എം മാണി സാറിനെ ബാർകോഴ കേസിലെ അഴിമതിക്കാരനായി വിളംബരം ചെയ്ത നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.

    നിയമസഭയിൽ കെ.എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടയിൽ യുഡിഎഫ് എംഎൽഎമാരുടെ സഹായത്തോടെ നിയമസഭയിലെത്തി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ സമനില തെറ്റി അതിക്രമങ്ങൾ കാട്ടിയ ഇടതുപക്ഷ സമരം കെ.എം മാണി സാറിന് എതിരായിട്ടായിരുന്നു എൽഡിഎഫ് നടത്തിയത്. മുൻ ധനകാര്യ മന്ത്രിക്കെതിരെ നിയമസഭയിൽ നടത്തിയ സമരം യുഡിഎഫിന് എതിരെയായിരുന്നുയെന്ന് ഇപ്പോൾ എൽഡിഎഫ് പറയുന്നത് തലയൂരാൻ വേണ്ടി മാത്രമാണ്. ഇതൊന്നും കേരള ജനതയുടെ മുന്നിൽ വിലപ്പോകില്ല. വിജിലൻസ് കുറ്റവിമുക്തനാക്കിയ കെ.എം മാണി സാറിനെ സുപ്രീംകോടതിയിൽ അഴിമതിക്കാരനായി എൽഡിഎഫ് സർക്കാർ ചിത്രീകരിച്ചതിലൂടെ ആർക്കും മായ്ക്കാൻ കഴിയാത്ത മഹാപരാധമാണ് എൽഡിഎഫ് ചെയ്ത് വച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം എൽഡിഎഫ് കൺവീനറുടെ ഉരുണ്ട് കളിച്ചുള്ള മറുപടിക്ക് കുടപിടിക്കാൻ ജോസ് വിഭാഗം നടത്തിയ നീക്കം തികച്ചും അപമാനകരമായിപ്പോയി. കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണി സാറിനോട് കാണിക്കേണ്ട ആത്മാർത്ഥത സത്യസന്ധമായി പ്രകടിപ്പിക്കാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചത് കേരളാ കോൺഗ്രസ് ആണികൾ കക്ഷി വ്യത്യാസം കൂടാതെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം കക്ഷിയിൽപ്പെട്ടവർ ഉപേക്ഷിച്ചാലും ലക്ഷക്കണക്കിന് കർഷക മക്കൾ മാണി സാറിന്റെ സത്യസന്ധമായ പ്രവർത്തന ശൈലിയെ കൂടുതൽ കരുത്തോടെ ഉയർത്തിപ്പിടിക്കും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

    കെ.എം മാണി സാറിനെ അഴിമതിക്കാരനായി ചിത്രീകരിച്ച നടപടിയുണ്ടായിട്ടും ഹീനമായ ഈ നടപടിയെ സംരക്ഷിക്കാനുള്ള ജോസ് വിഭാഗത്തിന്റെ പരിശ്രമം ഭരണരംഗത്തെ പങ്കാളിത്തത്തിന് ദോഷമുണ്ടാകാതിരിക്കാൻ വേണ്ടി ആയിരിക്കുമെന്ന് എല്ലാവരും കരുതുന്നു. അധികാരത്തെക്കാൾ വലുതാണ് ആത്മാഭിമാനമെന്ന് എപ്പോഴും കണക്കാക്കിയിട്ടുള്ള പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ് പാർട്ടിയെന്ന് ബന്ധപ്പെട്ടവർ ഓർക്കുന്നത് നല്ലതാണെന്ന് മോൻസ് ജോസഫ് പ്രസ്താവിച്ചു.




Post a Comment

0 Comments