Latest News
Loading...

ഹൈവേയിലെ വെള്ളക്കെട്ട്: ഫണ്ട് വന്നിട്ടും ജനങ്ങള്‍ക്ക് ദുരിതം


ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഭരണങ്ങാനം-ഇടപ്പാടി ഹൈവേ നവീകരണത്തിനായി റോഡ് സേഫ്ടി ഫണ്ടില്‍ നിന്നും മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ ഇടപെടലില്‍ ലഭിച്ച 95.5 ലക്ഷം രൂപാ ഉടന്‍ ടെന്‍ഡര്‍ വിളിച്ച് പി.ഡബ്ല്യു.ഡി. നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

കുന്നേമുറി പാലം, മേരിഗിരി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമായി സ്ലാബോടുകൂടിയ ഓട നിര്‍മ്മാണം, ടൈല്‍ പതിപ്പിച്ചു റോഡിന് ഇരുവശവും നടപ്പാത, റോഡ് സുരക്ഷ സൈന്‍ ബോര്‍ഡ്, ബ്ലിങ്കിംഗ് ലൈറ്റുകള്‍ എന്നിവ നടപ്പാക്കുന്നതിന് അനുവദിച്ച 95.5 ലക്ഷത്തിന്റെ ഫണ്ടില്‍ 50 ലക്ഷം കളക്ടറുടെ അക്കൗണ്ടില്‍ 2020 സെപ്റ്റംബറില്‍ വന്നിട്ടുള്ളതാണ്.

 കളക്ടറുടെ അക്കൗണ്ടില്‍ എത്തിയ ഫണ്ട് പി.ഡബ്വ്യു.ഡി. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വൈകുകയാണ്. വെള്ളക്കെട്ട് മൂലം ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും സഞ്ചാരം ദുഷ്‌കരമാവുകയും റോഡില്‍ ചെളി നിറഞ്ഞു വാഹനങ്ങള്‍ അപകടത്തിലാവുകയും ചെയ്യുന്നു.

 മഴക്കാലം കഴിയുന്നതോടുകൂടി പി.ഡബ്വ്യു.ഡി. ടെന്‍ഡര്‍ വിളിച്ച് പണികള്‍ ആരംഭിക്കാന്‍ സ്ഥലം എം.എല്‍.എ. അടിയന്തിരമായി ഇടപെടണമെന്ന് ഭരണങ്ങാനം പഞ്ചായത്ത് മുന്‍പ്രസിഡന്റുമാരായ മാത്തുക്കുട്ടി മാത്യു, ടി.ടി. അന്നമ്മ, തോമസ് ജോസഫ്, ബേബി കൂട്ടുങ്കല്‍, ദീപക് മീനാട്ടൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments