Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

തീക്കോയി : കോവിഡിനോപ്പം മഴക്കാലത്ത് നേരിടേണ്ടിവരുന്ന പകർച്ചവ്യാധികളെ കൂടി തടയുന്നതിനുള്ള കരുതൽ നടപടികളുടെ ഭാഗമായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ പ്രധാന വഴികളെല്ലാം കാടുകൾ തെളിയിക്കുന്ന ജോലികൾ നടന്നുവരുന്നു. 

ജൂൺ അഞ്ച്,ആറ് തീയതികളിൽ സ്ഥാപനങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കും. ജനകീയ  ശുചീകരണ പ്രവർത്തനങ്ങളിൽ യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, രാഷ്ട്രീയ സംഘടനകൾ, തൊഴിലാളി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗനവാടി - ആശാ വർക്കേഴ്സ്, വ്യാപാരി സംഘടനകൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ 10.30 ന് പഞ്ചായത്ത് തലത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം കൊതുകിന്റെ ഉറവിടം നശിപ്പിക്കുക, കൊതുക് വളരാനുള്ള സാഹചര്യം  ഒഴിവാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകും. അവരവരുടെ വീടും പരിസരവും മാലിന്യമുക്ത മാക്കുന്നതിനും, പകർച്ചവ്യാധി സാധ്യത ഒഴിവാക്കുന്നതിനും എല്ലാവരുടെയും സഹകരണം  പ്രസിഡന്റ് കെ സി ജെയിംസ് അഭ്യർത്ഥിച്ചു.

 പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടി ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയ റാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച്, സെക്രട്ടറി സാബു മോൻ കെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments