Latest News
Loading...

28 ഡോക്ടർമാരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

അനധികൃതമായി സർവ്വീസിൽ നിന്നും വർഷങ്ങളായി വിട്ടുനിന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 28 ഡോക്ടർമാരെ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പല തവണ നിർദ്ദേശം നൽകിയിട്ടും ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നാണ് നടപടി. ഇനിയും വിട്ട് നിൽക്കുന്നവരോട് സർവ്വീസിൽ ഉടൻ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സർക്കാർ നടപടി.

സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം കൊറോണ മഹാമാരിയ്‌ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

കൊറോണയുടെ ഒന്നാം തരംഗത്തിലും ജീവനക്കാരുടെ അവധി റദ്ദാക്കിയതിന് പിന്നാലെ ദീർഘകാല അവധിയിൽ പ്രവേശിച്ചവർ കാരണം ബോധിപ്പിക്കണമെന്നത് അടക്കമുള്ള നിബന്ധനകളും സർക്കാരെടുത്തിരുന്നു. കൊറോണയുടെ രണ്ടാം തരംഗത്തിലും ഇവരുടെ സേവനം ലഭിക്കാത്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments