Latest News
Loading...

ലൂസി കളപ്പുര ഈമാസം 20നകം കാരയ്ക്കാമലയിലെ മഠം വിട്ടൊഴിയണം


ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസ സമൂഹത്തില്‍ നിന്നും ലൂസി കളപ്പുരയെ പുറത്താക്കിയ അധികൃതരുടെ നടപടിയെ വത്തിക്കാനിലെ പരമോന്നത കോടതിയും തള്ളിയതോടെ ലൂസി കളപ്പുരയെ മഠത്തില്‍ നിന്നും പുറത്താക്കാനുള്ള നടപടി തുടങ്ങി.

ഏഴു ദിവസത്തിനകം മഠം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സി. ആന്‍ ജോസഫ് ലൂസി കളപ്പുരയ്ക്ക് നോട്ടീസ് നല്‍കി. പോലീസിലും നടപടികള്‍ സംബന്ധിച്ച് എഫ്‌സിസി അധികൃതര്‍ വിവരമറിയിച്ചിട്ടുണ്ട്.

സന്യാസ സഭയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടര്‍ന്നാണ് സഭാ അധികൃതര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്. എന്നാല്‍ ഇതിനെതിരെ നിയമനടപടിയുമായി ലൂസി കളപ്പുര പോയതോടെ അവര്‍ മാനന്തവാടി കാരയ്ക്കാമലയിലെ കോണ്‍വെന്റില്‍ തന്നെ തുടരുകയാണ്. ഈ മഠത്തില്‍ നിന്നും ഏഴു ദിവസത്തിനകം മാറണമെന്നാണ് സഭാ അധികൃതര്‍ കഴിഞ്ഞ ജൂണ്‍ 13ന് നല്‍കിയ കത്തില്‍ വ്യക്തമാകുന്നത്.

അതേസമയം ഇത്രയധികം സമയം നല്‍കേണ്ടെന്നും സഭയെയും അധികാരികളെയും ഇത്രയധികം വെല്ലുവിളിച്ച ലൂസി കളപ്പുരയെ ഉടന്‍ പുറത്താക്കണമെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഉടന്‍ പോലീസിനെ സമീപിച്ച് ലൂസിയെ മഠത്തില്‍ നിന്നും പുറത്താക്കണെമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നു. അതേസമയം തുടര്‍ നിയമനടപടികളുമായി മഠത്തില്‍ തന്നെ തുടരാനുള്ള നീക്കത്തിലാണ് ലൂസി കളപ്പുരയെന്നാണ് സൂചന.

അങ്ങനെ വന്നാല്‍ പോലീസിനെ ഉപയോഗിച്ച് സഭാ കോടതിയുടെ വിധി നടപ്പാക്കാനാണ് മഠം അധികൃതരും തീരുമാനിച്ചിട്ടുള്ളത്. ഒരുപക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമാണ്. ലൂസിക്ക് അനുകൂലമായ നിലപാട് പോലീസ് സ്വീകരിച്ചാല്‍ മാനന്തവാടി രൂപതയും എഫ്‌സിസി സന്യാസ സമൂഹവും അതിനെതിരെ കടുത്ത നടപടികളിലേക്ക് പോയേക്കും.

പോലീസും ഇക്കാര്യത്തില്‍ നിയമോപദേശം തേടുന്നുണ്ടെന്നാണ് സൂചന. ലൂസി കളപ്പുര സ്വീകരിക്കുന്ന നിലപാടെന്തെന്നാണ് ഇതില്‍ നിര്‍ണായകം. അതേസമയം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനും തര്‍ക്കത്തിനുമാണ് കഴിഞ്ഞ ദിവസത്തെ വത്തിക്കാന്‍ കോടതിയുടെ വിധിയോടെ അന്ത്യമാകുന്നത്.

Post a Comment

0 Comments