Latest News
Loading...

മൊബൈൽ കവറേജ് ഇല്ല, ടവർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു


വേലത്തുശ്ശേരി: മൊബൈൽ കവറേജ് ഇല്ല, ടവർ സ്ഥാപിക്കണമെന്ന ആവശ്യം
ശക്തമാകുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങി രണ്ടുവർഷമായെങ്കിലും
മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ തീക്കോയി പഞ്ചായത്തിലെ കല്ലം മുതൽ മാവടി വരെയുളള എവറസ്റ്റ്, കുളത്തുങ്കൽ, വേലത്തുശ്ശേരി, മുപ്പതേക്കർ, ആണ്ടാശ്ശേരി, തുമ്പശ്ശേരി പ്രദേശങ്ങളിലെ ഒട്ടേറെ കുട്ടികൾക്ക് ഓൺലൈന്‍
പഠനം ഇത്തവണയും കിട്ടാക്കനിയാകും.

ടി വി ചാനൽ വഴിയുളള ക്ലാസുകൾക്കുപുറമേ ഓൺലൈൻ സംവിധാനങ്ങൾ വഴി അതത് സ്കൂൾ
അധികൃതർ പ്രത്യേക ക്ലാസ് കൂടി നൽകണമെന്ന് സർക്കാർ തീരുമാനിച്ച സാഹചര്യത്തിലെങ്കിലും, തങ്ങൾക്ക് ക്ലാസിൽ
കയറാനാകുമോയെന്നാണ് ഈ പ്രദേശത്തെ കുട്ടികൾ ചോദിക്കുന്നത്. കോളജുകളിലും ഓൺലൈന്‍ ക്ലാസ് തുടങ്ങുന്നതോടെ ഈ പ്രദേശത്തെകോളജ് വിദ്യാർത്ഥികൾക്കും പഠനം ബുദ്ധിമുട്ടാകും.

അല്പമെങ്കിലും റേഞ്ച് ഉളള സ്ഥലം
നോക്കി റോഡരികിലും മറ്റും ഇരുന്നാണ് പല കുട്ടികളും കഴിഞ്ഞവർഷം ക്ലാസ് കൂടിയത്. കേബിൾ ടി വി വഴി ക്ലാസുകളുടെ
ഭാഗമാകാമെന്നുവച്ചാൽ മെയിൻ റോഡിലൂടെ മാത്രമാണ് കേബിൾ കടന്നുപോകുന്നത്. കുട്ടികളും മുതിർന്നവരും റേഞ്ചുനോക്കി നടക്കുന്നത് ഈ മേഖലയിലെ പതിവുകാഴ്ചയുമാണ്.

കുട്ടികൾ മാത്രമല്ല, നാട്ടുകാരും റേഞ്ചില്ലാത്തതിനാൽ വലയുകയാണ്. നാട്ടിൽ മിക്കവരുടെയും കൈവശം ഫോൺ ഉണ്ടങ്കിലും റേഞ്ച് അന്വേഷിച്ചു നടക്കേണ്ട
അവസ്ഥയാണന്ന് നാട്ടുകാർപറയുന്നു.

സ്വദേശ - വിദേശ ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് സഞ്ചാരികളും ഹൈറേഞ്ച് മേഖലയിലേയ്ക്കുളള പതിവുയാത്രക്കാരുമെല്ലാം സഞ്ചരിക്കുന്ന ഈരാറ്റുപേട്ട-വാഗമൺ റൂട്ടിലാണ് മേല്പറഞ്ഞ ഭാഗങ്ങളിൽ 
മൊബൈൽ കവറേജ് ലഭ്യമാകാത്തത്.

വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ തങ്ങുന്ന റിസോർട്ടുകളും ഷൂട്ടിംഗ് ലൊക്കേഷനുകളുമെല്ലാം ഈ ഭാഗങ്ങളിലുണ്ട്. ധാരാളം
വി ഐ പികൾ ഈ റോഡുവഴി കടന്നുപോകുകയും ചെയ്യുന്നു.

ഈ മേഖലയിൽ വാഹനം കേടാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ
ടൂറിസ്റ്റുകൾക്കും മറ്റും ഇവിടെ റേഞ്ച് ഇല്ലാത്തതിനാൽ ആരെയും ബന്ധപ്പെടാനോ അറിയാക്കാനോപോലും കഴിയാറില്ല.

മഴക്കാലത്ത് മണ്ണിടിച്ചിലോ മറ്റ് പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽപോലും പരസ്പരം ബന്ധപ്പെടാനോ അധികൃതരെ അറിയിക്കാനോ കഴിയില്ലന്ന് നാട്ടുകാർ പറയുന്നു.

വിവിധ ദേവാലയങ്ങളിലെ ചടങ്ങുകളും വിവിധ ബില്ലുകൾ അടയ്ക്കുന്നതും ഓൺലൈൻ വഴി ലഭ്യമാകുന്ന സർക്കാർ തലത്തിലുള്ള ചികില്‍സാ സേവനങ്ങളുമൊക്കെ ഉണ്ടങ്കിലും റേഞ്ച് ഇല്ലാത്തതിനാൽ ഈ മേഖലയിൽ മിക്കവർക്കും ഇതൊന്നും ലഭ്യമാകുന്നില്ല.

പൂഞ്ഞാർ എം.എല്‍.എ സെബാസ്റ്റ്യൻ കുളത്തുങ്കലും പത്തനംതിട്ട എം.പി ആന്റോ ആന്റണിയും പ്രശ്നപരിഹാരത്തിന് ആത്മാർത്ഥമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ
ആവശ്യം.

പലയിടത്തും ടവർ സ്ഥാപിക്കുന്നതിൽ എതിർപ്പാണ് ഉയരുന്നതെങ്കിൽ ഇവിടെ സ്ഥലം ലഭ്യമാക്കാൻ സഹകരിക്കാൻ തയ്യാറാണന്നും നാട്ടുകാർ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഉൾപ്പെടെ ഇടപെടലാണ് സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ മേഖല പ്രതീക്ഷിക്കുന്നത്. എം.എൽ.എയും എം പിയും അടക്കമുളള ജനപ്രതിനിധികളും, സർക്കാർ-സ്വകാര്യ ടെലികോം സേവന ദാതാക്കളും ഈ മേഖലയെപരിഗണിക്കണമെന്നാണ് നാടിന്റെ ആവശ്യം.

മാത്രവുമല്ല, മാവടി-വേലത്തുശേരി മേഖല കേന്ദ്രീകരിച്ച് ടവർ സ്ഥാപിച്ചാൽ സമീപത്തെ മറ്റു പ്രദേശങ്ങളിലും റേഞ്ച്
ലഭ്യമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിധിക്ക് പുറത്തുനിൽക്കുന്ന സമീപപ്രദേശങ്ങൾക്കും ശേഷിയുളള ടവർ പ്രയോജനപ്രദമാകും.

ഓൺലൈൻ ക്ലാസുകളുടെ രണ്ടാംവർഷമെങ്കിലും മൊബൈൽ കവറേജ് കിട്ടാൻ ബന്ധപ്പെട്ടവർ വേണ്ടത് ചെയ്യുമെന്നപ്രതീക്ഷയിലാണ് ഇവിടത്തെ കുട്ടികളും മാതാപിതാക്കളും.

Post a Comment

0 Comments