പാലാ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസ് സർവ്വീസ് ഇല്ലാത്ത മേഖലകളിൽ ആംബുലൻസ് വാങ്ങാൻ എം എൽ എ മാരുടെ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻ സി കെ പ്രസിഡൻറും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ പഞ്ചായത്തുകൾക്കു പ്രയോജനപ്പെടുംവിധം ഇക്കാര്യം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ ഐസിയു സൗകര്യമുള്ള ആംബുലൻസ് അനുവദിക്കാൻ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ പ്രത്യേക സാഹചര്യത്തിൽ അനുമതി നൽകണമെന്നും ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഐസിയു സൗകര്യമില്ലാത്ത ആംബുലൻസ് ലഭ്യമാകാൻ കാലതാമസമെടുത്തതിൻ്റെ പേരിൽ നിരവധി രോഗികളാണ് ദുരിതത്തിലാകുന്നതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിരമായി 20 വെൻ്റിലേറ്ററുകൾ കൂടി സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണി പൂർത്തിയായ ഒരു കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല. ലിഫ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം. നൂറിൽ പരം ബഡ്ഡുകൾ സ്ഥാപിക്കാനുള്ള സ്ഥലം ജനറൽ ആശുപത്രിയിൽ ഉണ്ട്. ഇതിനുള്ള നടപടിയും ഉടൻ സ്വീകരിക്കണം. ആശുപത്രി അധികൃതരുടെ വിട്ടുവീഴ്ചയില്ലാത്ത സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു
0 Comments