Latest News
Loading...

കോവിഡ് പരിശോധന ഇനി ടോക്കൺ ക്രമത്തിൽ മാത്രം



പാലാ: നഗരസഭാ ചെയർമാൻ വാക്കുപാലിച്ചു  പാലാ ജനറൽ ആശുപത്രിയിലെ കോ വിഡ് പരിശോധനാ കേന്ദ്രത്തിൽ ടോക്കൺ നൽകി തിരക്കൊഴിവാക്കി. ഇവിടെ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചു.

 കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ ഉണ്ടായ തിക്കും തിരക്കും ഒഴിവാക്കുന്നതിനും മുൻഗണനാ ക്രമം പാലിക്കുന്നതിനുമാണ് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയത്.

നിലവിൽ കോവിഡ് പരിശോധിക്കുന്ന കേന്ദ്രത്തിനു തൊട്ടു താഴെ വാഹന പാർക്കിംഗിൻ്റെ ഭാഗത്തായി പുതിയ കെട്ടിടത്തിൻ്റെ പൂമുഖത്താണ് ടോക്കൺ വിതരണം ചെയ്യുന്നത്. ഇവിടെ ആളുകൾക്ക് അകലം പാലിച്ച് നിൽക്കാനുള്ള വിശാലമായ സൗകര്യവുമുണ്ട്.
ഇവിടെ നിന്ന് ടോക്കൺ വാങ്ങി ഊഴമനുസരിച്ചാണ് ആളുകളെ സ്രവ പരിശോധനാ കേന്ദ്രത്തിലേക്ക് കടത്തിവിടുന്നത്.

ജനറൽ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ പാലാ നഗരസഭാദ്ധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കരയുടെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ടോക്കൺ നൽകി മുൻഗണനയുടെ അടിസ്ഥാനത്തിൽ സ്രവ പരിശോധനാ സൗകര്യം ഒരുക്കിയത്.  

രണ്ടിടത്തും പ്രത്യേകം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്.
ക്യൂ പാലിച്ചു മാത്രമേ ഇനി മുതൽ ഈ കേന്ദ്രങ്ങളിൽ നിൽകാനാവൂ.

 വാക്സിനേഷനോടും സ്രവ പരിശോധനയോടും മുഖം തിരിച്ചു നിന്നവർ കൂട്ടമായി എത്തുവാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ വലിയ തിരക്കുണ്ടായി.
ചുരുക്കം ചില ജീവനക്കാരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം കൂടിയായതോടെ സ്രവ പരിശോധനാ കേന്ദ്രത്തിൽ വാക്കേറ്റവും ബഹളവുമൊക്കെ ഉണ്ടായിരുന്നു. 
 മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ നഗരസഭാ ചെയർമാൻ നേരിട്ട് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. 

അനിയന്ത്രിതമായ തിരക്കും മുൻ ഗണനാക്രമം തെറ്റിച്ചുള്ള നടപടികളും വൻ പ്രതിഷേധത്തിനും രോഗവ്യാപന സാഹചര്യത്തിനും ഇടയാക്കിയിരുന്നു.ഇക്കാര്യം നഗരസഭാ ചെയർമാൻ , ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ തുടർ നടപടികളുണ്ടായി. ആർ.എം ഒ ഡോ.സോളി സജീവ്, ഡോ.വി.ആർ.രാജേഷ് കുറവിലങ്ങാട്, ഡോ.ശബരീനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ അശോക് എന്നിവരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇന്നലെ സ്രവ പരിശോധനാ നടപടികളും വാക്സിനേഷനും നടന്നത്.
വരും ദിവസങ്ങളിലും ഇവിടെ കർശന നീരീക്ഷണമുണ്ടാകുമെന്നും ജനങ്ങൾ കഴിയുന്നത്ര അകലം പാലിച്ചു മാത്രമേ ഈ കേന്ദ്രങ്ങളിൽ തങ്ങാവൂ എന്നും ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും, ജനറൽ ആശുപത്രിസൂപ്രണ്ട് ഡോ. ഷമ്മി രാജനും അറിയിച്ചു. പൊതുജനങ്ങളെ സഹായിക്കുന്നതിനായി ടോക്കൺ കേന്ദ്രത്തിനു സമീപം ഹെൽപ്പ് ഡസ്ക്കും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 



Post a Comment

0 Comments