മൂന്നിലവ് പഞ്ചായത്തിലെ കൂട്ടക്കല്ലിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കളരിക്കൽ രാജേന്ദ്രൻ, നെടിയകാലായിൽ ബാബു ജോസഫ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വെട്ടത്തേട്ട് മോഹനൻ നായരുടെ വീട്ടിലെ പശു കിടാവിനും ഇടിമിന്നലിൽ പരിക്കേറ്റു.
വ്യാഴാഴ്ച അഞ്ച് മണിയോടെ ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് നാശം വിതച്ചത്. രാജേന്ദ്രന്റെ വീടിന്റെ വയറിങും എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പൂർണമായി നശിച്ചു. വീടിന്റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ഇനൽപാളിയുടെ ചില്ലുകൾ തകരുകയും ചെയ്തു.
നെടിയകാലായിൽ ബാബു ജേണിന്റെ വീടിന്റെ ഭിത്തിക്കും വയറിങിനും സാരമായ കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, പഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫീസർ സി.ഐ. റിയാസ് എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
വേനൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പഞ്ചായത്ത് പ്രദേശത്തെ ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ സ്വകാര്യ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ വെട്ടിമാറ്റുകയോ ശിഖരങ്ങൾ മുറിച്ചു അപകടം ഒഴിവാക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു അല്ലാത്തപക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉടമകൾ ഉത്തരവാദി ആയിരിക്കുമന്നും സെക്രട്ടറി അറിയിച്ചു.
0 Comments